കൂത്താട്ടുകുളം: സംസ്ഥാനമൊട്ടാകെ നടത്തുന്ന ഡിജിറ്റല്‍ റീസര്‍വ്വേ നടപടികള്‍ക്ക് ആവശ്യമായ 1500 സര്‍വേയര്‍മാരെയും 3200 സഹായികളെയും ഓഗസ്റ്റ് മാസത്തോടെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്. ഇതിന് വേണ്ടി വരുന്ന 807.98 കോടി രൂപ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ നിന്ന് ചിലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുമാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഡി.പി.എം.യു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹായത്തോടെ എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാണ് ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഡിജിറ്റല്‍ റീസര്‍വേയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതു വരെയാണ് ചുമതല നല്‍കുന്നത്. കഴിഞ്ഞ 55 വര്‍ഷത്തിനിടെ 918 വില്ലേജുകളില്‍ മാത്രമാണ് റീസര്‍വ്വേ നടത്തിയത്. എന്നാല്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 1550 വില്ലേജ് ഓഫീസുകളിലും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ ഉപകരണങ്ങള്‍ ഉടന്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭൂസംരക്ഷണ നിയമത്തിന്റെ അന്തസത്ത സൂചിപ്പിക്കുന്നതുപോലെ കൈവശമിരിക്കുന്നവര്‍ക്ക് ഭൂമി കൊടുക്കുക എന്നതിലുപരിയായി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചുമതലയേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 54,535 പേരെ ഭൂമിയുടെ ഉടമകളാക്കി മാറ്റാന്‍ കഴിഞ്ഞു. റവന്യൂ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും സ്തുത്യര്‍ഹമായ സേവനമാണ് ഇതിന് സഹായിച്ചതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യം ആത്മഹര്‍ഷത്തോടെയാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം സമ്പൂര്‍ണ്ണമായും സ്മാര്‍ട്ട് ആക്കുക എന്ന ലക്ഷ്യമാണ് മുന്പിലുള്ളത്. ഇതിന്റെ ഭാഗമാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍. വില്ലേജ് ഓഫീസുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിന് ജനപ്രതിനിധികളെയും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെയും യുവജന ക്ലബുകളെയും വില്ലേജ് തല ജനകീയ സമിതികളെയും ഉള്‍പ്പെടുത്തിയുള്ള റവന്യൂ വകുപ്പിന്റെ ഇ- സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പ് ആരംഭം കുറിക്കുമെന്നും വകുപ്പിനെ ജനകീയമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
തിരുമാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്, , ജില്ലാ പഞ്ചായത്ത് അംഗം ആശാ സനില്‍, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ജിന്സണ് വി. പോള്‍, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമള്‍, തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം ജോര്‍ജ്, മൂവാറ്റുപുഴ ആര്.ഡി.ഒ. പി.എന്‍ അനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മുണ്ടക്കയം സദാശിവന്, വര്‍ഗീസ് മാണി, അഡ്വ. സിനു എം. ജോര്‍ജ്, സിബി ജോസഫ് ചിറക്കുഴിയില്‍, ജിനു അഗസ്റ്റിന്, സൈബു മടക്കാലില്‍, ജേക്കബ് ജോണ്‍, പി.എന്‍. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
1265 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പണി കഴിപ്പിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 44 ലക്ഷം രൂപയായിരുന്നു ചെലവായത്. വില്ലേജ് ഓഫീസറുടെ മുറി, റെക്കോര്‍ഡ് റൂം, ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ് കം വെയ്റ്റിംഗ് റൂം, ഡൈനിങ് റൂം ജീവനക്കാര്‍ക്ക് വേണ്ടി ക്യുബിക്കിളുകള്‍, പൊതു ടോയ്ലറ്റ് എന്നിവയാണ് ഇവിടെ ഉള്ളത്. ഭിന്നശേഷി സൗഹൃദമായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ വീല്‍ ചെയറുകള്‍ സുഗമമായി ഉപയോഗിക്കുന്നതിന് ആവശ്യമായ റാമ്പും ഒരുക്കിയിട്ടുണ്ട്. പത്തുമാസം കൊണ്ടായിരുന്നു പൊതുമരാമത്ത് വകുപ്പ് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.