കണ്ണൂര്‍: സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എ.എന്‍.ഷംസീര്‍ എം.എല്‍.എയെ വിളിച്ചു വരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സി.ഐ. വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നുണ്ട്.
കേസ് അന്വേഷണം സിപിഎം പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ.രാഗേഷില്‍ എത്തി നില്‍ക്കുകയാണ്. എ.എന്‍.ഷംസീര്‍ എം.എല്‍.എയുമായി രാഗേഷ് ഫോണില്‍ സംസാരിച്ചതിന് തെളിവുണ്ട്. എന്നാല്‍ നേരത്തെ തന്നെ ഇരുവരും പരിചയക്കാരായിരുന്നു എന്നതിനാല്‍ ഗൂഢാലോചനയിലേക്ക് എത്താനായില്ല. അണികള്‍ക്ക് വിരോധമുണ്ടായതിനെ തുടര്‍ന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് രഗേഷ് മൊഴി നല്‍കിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് രാഗേഷില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുമില്ല അന്വേഷണ സംഘത്തിന്.
പക്ഷേ സി.ഒ.ടി നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയെ വിളിച്ചു വരുത്തി മൊഴിയെടുക്കാന്‍ സി.ഐ വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്.