മലപ്പുറം: വളാഞ്ചേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഷംസുദ്ദീന്‍റെ മുൻകൂർ ജാമ്യ ഹർജി തള്ളി. മഞ്ചേരി പോക്സോ കോടതിയാണ് തള്ളിയത്. വളാഞ്ചേരി നഗരസഭ ഇടത് കൗൺസിലറായ ഷംസുദീൻ ഇപ്പോഴും ഒളിവിലാണ്.
പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത് ഈ മാസം നാലാം തീയതിയാണ്. പോക്സോ കേസില്‍ വളാഞ്ചേരി നഗരസഭയിലെ ഇടതുപക്ഷ അംഗമായ ഷംസുദ്ദീനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തെങ്കിലും അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
പ്രതിയെ സംരക്ഷിക്കുന്നത് സുഹൃത്ത് കൂടിയായ മന്ത്രി കെടി ജലീലാണെന്ന് ആരോപിച്ച് യുഡിഎഫ് നിരവധി സമരങ്ങളും ഇതിനിടെ നടത്തി. പ്രതി വിദേശത്തേക്ക് രക്ഷപെട്ടെന്നും പിടികൂടാനാവുന്നില്ലെന്നുമാണ് പെൺകുട്ടിയുടെ ബന്ധുക്കളോട് പൊലീസ് പറഞ്ഞത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതൊഴിച്ചാല്‍ പൊലീസ് അന്വേഷണത്തില്‍ ഇപ്പോള്‍ കാര്യമായ ഒരു പുരോഗതിയുമില്ല.
ഷംസുദ്ദീന്‍റെ സഹായികളുടെ ഭീഷണി ഭയന്ന് വീട്ടില്‍ നിന്നും മാറി അകലെ ഒരു വാടക വീടെടുത്ത് താമസിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം. ഇവിടേയും ഇവര്‍ ഭീതിയോടെയാണ് കഴിയുന്നത്. ഷംസുദ്ദീനെതിരായ പരാതി പിൻവലിപ്പിക്കാൻ സഹായികള്‍ സമ്മര്‍ദ്ദവും ഭീഷണിയും തുടരുന്നതിനാല്‍ സുരക്ഷിതത്വം കണക്കിലെടുത്ത് പെൺകുട്ടി ചൈല്‍ഡ് ലൈനിന്‍റെ സംരക്ഷണത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.