വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല.ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും സര്‍വ്വീസ് നടത്തുക. സൗത്ത് റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പ് നിർത്തലാക്കാനുള്ള തീരുമാനത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയിരിക്കുകയാണ് സ്ഥിരം യാത്രക്കാർ. ഏറ്റവും കൂടുതൽ യാത്രക്കാർ ഇറങ്ങുന്ന സൗത്തിൽ സ്റ്റോപ്പ് നിർത്തലാക്കുമ്പോൾ ഓഫിസിൽ കൃത്യസമയത്ത് എത്താനാവില്ല എന്നതാണ് പ്രധാന പ്രശ്നം.
സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടിവരും. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് എന്നും മെട്രോ ചാർജ് താങ്ങാൻ കഴിയില്ലെന്ന് യാത്രക്കാർ പറയുന്നു.എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം.