കൊച്ചി: വിവാദങ്ങള്‍ക്കിടെ ബസേലിയസ് തോമസ് പ്രഥമന്‍ ബാവ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു.? പുതിയ ഭരണ സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന കടുത്ത ആരോപണങ്ങളടങ്ങുന്ന രാജികത്ത് ഇന്നലെ നല്‍കിയതിന് പിന്നാലെ സ്ഥാനം ഒഴിയാനുള്ള ബസേലിയസ് തോമസ് പ്രഥമന്‍ ബാവായുടെ തീരുമാനം പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. എന്നാല്‍, കാതോലിക്കാ ബാവ സ്ഥാനത്ത് തുടരണമെന്ന് പാത്രിയര്‍ക്കീസ് നിര്‍ദേശിച്ചു.
യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സ്ഥാനത്യാഗത്തിനൊരുങ്ങിയത്. ഏതാനു മാസം മുന്‍പ് നിലവില്‍ വന്ന പുതിയ ഭരണസമിതിയും ബാവയും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു. സഭയിലെ ധനശേഖരണം സംബന്ധിച്ചായിരുന്നു പ്രധാന തര്‍ക്കം. ഇത് നിയമ പോരാട്ടങ്ങളിലേക്ക് നീങ്ങാനിരിക്കെയാണ് രാജികത്തുമായി പിതാവ് നാടകീയമായി രംഗപ്രവേശനം നടത്തിയത്.
സഭയിലെ ധനശേഖരണം സംബന്ധിച്ച് സഭാധ്യക്ഷനെതിരെ പുതിയ സമിതി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ബാവ അനുകൂലികളുടെ പ്രധാന ആക്ഷേപം. എന്നാല്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും തോമസ് പ്രഥമന്‍ ബാവ ദമാസ്കസിലേയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. അതേസമയം, തന്നെ അങ്കമാലി മെത്രാനായി തുടരാന്‍ അനുവദിക്കമണെന്നും ബാവ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാത്രിയാര്‍ക്കീസ് ബാവ അടുത്ത മാസം കേരളത്തിലെത്തുന്നതിന് മുന്‍പാണ് പുതിയ നീക്കം.