ആലപ്പുഴ: കിടത്തി ചികിത്സയ്ക്കുള്ള അഡ്മിഷന് ബുക്കിന് പണം ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജ്.ഇത് സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ ഉടൻ പുറത്തിറങ്ങും.
ഇതോടെ ഒപി ടിക്കറ്റിനുള്ള പത്ത് രൂപ മാത്രം നല്കിയാല് കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് അഡ്മിഷൻ ബുക്കും ലഭിക്കും. നേരത്തേ സൗജന്യമായി നല്‍കിയിരുന്ന ബുക്കിന് 30 രൂപ ഈടാക്കുമെന്ന് കാട്ടി ആശുപത്രി സൂപ്രണ്ട് സര്‍ക്കുലർ ഇറക്കിയത് വിവാദമായിരുന്നു.
ഇന്ന് മുതല്‍ പണം ഈടാക്കുമെന്നായിരുന്നു ഉത്തരവ്. നേരത്തേ സര്‍ക്കാര്‍ പ്രസില്‍നിന്ന് സൗജന്യമായാണ് ബുക്ക് അച്ചടിച്ച് നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധിയെതുടര്‍ന്ന് ഏറെ നാളായി ബുക്കിന്റെ അച്ചടി നിലച്ചതിനാല്‍ ഇത് കിട്ടാനില്ലാത്ത അവസ്ഥയാണ്.
ഇതോടെയാണ് സ്വന്തം നിലയില്‍ ബുക്ക് അച്ചടിക്കാന്‍ ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചത്. പണം ഈടാക്കാൻ തീരുമാനിച്ചെന്ന കാര്യം വാർത്തയായതോടെ കോണ്‍ഗ്രസ് അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ സർക്കുലർ മരവിപ്പിക്കാൻ തീരുമാനമായത്.