തിരുവനന്തപുരം: വണ്ടിപെരിയാറില്‍ ആറു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.
പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സിപിഎം ബന്ധമുള്ള പ്രതി രക്ഷപ്പെട്ടത് വീഴ്ചയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രോസിക്യൂഷനും അന്വേഷണ ഏജൻസികളും പ്രതിയെ സഹായിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കൂടുതല്‍ വിശദീകരണത്തിനില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിയെ വെറുതെവിട്ട വിധി സംഭവിക്കാൻ പാടില്ലാത്തതാണ്. അന്വേഷണത്തില്‍ വീഴ്ചയുണ്ടോയെന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ അപ്പീലില്‍ പറയുന്നത്. അര്‍ജുനെതിരെ പോലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല.
2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്തതും.