പള്ളി തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ മുഖ്യമന്ത്രി തങ്ങിയ ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ അരമണിക്കൂറോളം ചര്‍ച്ച നീണ്ടു. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, തമ്പു ജോര്‍ജ് തുകലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സഭാ നേതൃത്വം പറഞ്ഞു.
സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിന് തുടര്‍ച്ചയായി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. പുത്തന്‍കുരിശിലെ പാത്രിയാര്‍ക്ക സെന്ററില്‍ എത്തിയാണ് രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. യാക്കോബായ സഭയ്ക്ക് പുറമേ ഓര്‍ത്തഡോക്സ് വിഭാഗവുമായും പിഎസ് ശ്രീധരന്‍പിള്ള ചര്‍ച്ച നടത്തുന്നുണ്ട്. ഗവര്‍ണര്‍ക്ക് രാഷ്ട്രീയമില്ലെന്നും ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.