കൊല്ലം; ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സ്കൂള്‍ ബസ് ഡ്രൈവര്‍. കൊല്ലം കണ്ണനല്ലൂരിലാണ് ക്രൂരത അരങ്ങേറിയത്. നഴ്സറി സ്കൂള്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ടായിരുന്നു മര്‍ദനം. വടി കൊണ്ടുള്ള അടിയേറ്റ് ഇരുകാലുകളും മുറിഞ്ഞു പൊട്ടിയ കുട്ടിയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണനല്ലൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഷിയാസിനെതിരെ പൊലീസ് കേസെടുത്തു.
വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏതാനും ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഈ ബസുകളിലെ രണ്ടു തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കുഞ്ഞിന്റെ മര്‍ദനത്തിന് കാരണമായത്. താന്‍ യാത്ര ചെയ്യുന്ന ബസിലെ ക്ലീനര്‍ അനസിനെ മറ്റൊരു വണ്ടിയുടെ ഡ്രൈവറായ ഷിയാസ് മര്‍ദിക്കുന്നത് ഒന്നാം ക്ലാസുകാരന് കണ്ടു. എന്തിനാണു മാമനെ തല്ലുന്നത് എന്ന് കുട്ടി ചോദിച്ചു.
ഇതില്‍ പ്രകോപിതനായി ഷിയാസ് കുഞ്ഞിനെ ചീത്ത വിളിക്കുകയും വടി കൊണ്ട് കാല് പൊട്ടുന്നതു വരെ തല്ലുകയുമായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് മറ്റൊരു ഡ്രൈവര്‍ ഓടിയെത്തിയപ്പോള്‍ ഷിയാസ് കടന്നുകളഞ്ഞു. വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ മുറിവു കണ്ടു രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണു സംഭവം അറിഞ്ഞത്. കണ്ണനല്ലൂര്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ജില്ലാ കലക്ടര്‍ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും സ്കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ പരാതി നല്കി.