തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് നടക്കുന്നത് കാല്‍ലക്ഷത്തോളം നിയമനങ്ങള്‍. പാര്‍ട്ടി അനുഭാവികള്ക്കായിട്ടാണ് നിയമനങ്ങളിലധികവും നീക്കിവച്ചിരിക്കുന്നത്.
ഒരു ലക്ഷം രൂപയിലധികം മാസശമ്പളം ലഭിക്കുന്ന ജോലികള്‍ പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ഒഴിവാക്കി അനധികൃതമായാണ് നടക്കുന്നത്. സര്‍ക്കാര്‍, പൊതുമേഖല, ബോര്‍ഡ് കോര്പറേഷന് എന്നിവിടങ്ങളിലാണ് ഇത്രത്തോളം നിയമനങ്ങള്‍ നടക്കുന്നത്. ഇവയിലേറെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ അനുഭാവികള്‍ക്കോ ബന്ധുക്കള്‍ക്കോ ആയാണ് മാറ്റി വെച്ചിരിക്കുന്നത്.
29 ലക്ഷത്തോളം പേര് തൊഴില്‍രഹിതരായിരിക്കുമ്പോഴാണ് അനധികൃത നിയമനങ്ങള്‍ തകൃതിയായി നടക്കുന്നത്. ഡോക്ടര്‍മാരും എന്‍ജിനീയറിങ് ബിരുദധാരികളും ഉള്‍പ്പെടെ നിരവധി പേരാണ് തൊഴിലിനായി കാത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം, ജല അതോറിറ്റി, കെഎസ്ആര്‍ടിസി എന്നിങ്ങനെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നടത്തുന്ന സ്ഥാപനങ്ങള്‍ നിരവധിയാണ്.
താത്കാലിക അധ്യാപക നിയമനത്തിനും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉപയോഗപ്പെടുത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം ഈ അദ്ധ്യയന വര്‍ഷവും നടപ്പിലായില്ല. 11,200 പേരാണ് ഈ വര്‍ഷം താത്കാലിക അധ്യാപക നിയമനം നേടിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, സഹായധനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലോ താത്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണ് നിയമം. നിയമനങ്ങളില്‍ സംവരണവും മുന്‍ഗണനാക്രമവും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് അനധികൃത നിയമനങ്ങള്‍ നടക്കുന്നത്.
ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും നിരവധി പേര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തൊഴില്‍ നേടാനായിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 30,000 പേര്‍ക്ക് തൊഴില്‍ നല്കാന് എക്സ്ചേഞ്ചുകള്‍ക്ക് കഴിയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 2807 പേര്‍ക്ക് സ്ഥിരം നിയമനവും 11,625 പേര്‍ക്ക് താത്കാലിക നിയമനവും എക്സ്ചേഞ്ച് വഴി നടന്നു.