കോവിഡ് മഹാമാരി പിടിമുറുക്കുന്നതിനിടയിലും കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ പിഎസ്സി വഴി കൂട്ടനിയമനം. ജൂനിയര്‍ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ 622 പേര് തിങ്കളാഴ്ച കെഎസ്എഫ്ഇയുടെ സംസ്ഥാനത്തെ വിവിധ ശാഖകളില്‍ ജോലിയില്‍ പ്രവേശിച്ചു. ഇത്രയും അധികം പേര് ഒന്നിച്ച് കെഎസ്എഫ്ഇയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് ആദ്യമാണ്.
ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 662 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയിരുന്നത്. ഇതില്‍ കോവിഡ് കാലത്തെ സുരക്ഷയും യാത്ര ചെയ്യാനുള്ള അസൗകര്യവും കാരണം നാല്‍പ്പതോളം പേര് പ്രവേശന തീയതി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടു. ബാക്കിയുള്ളവര്‍ അതത് ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിച്ചു. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമന ഉത്തരവ് ലഭിച്ച 110 പേര് 14ന് ജോലിക്കെത്തും.
ഇതുകൂടാതെ, കെഎസ്എഫ്ഇ 297 ഒഴിവുകള്‍കൂടി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ നിയമന ഉത്തരവ് നല്‍കിയശേഷം, ജോലിയില്‍ പ്രവേശിക്കാത്തവരുടെ ലിസ്റ്റുകൂടി തയ്യാറാക്കി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യും. ഇതുള്പ്പെടെയുള്ളവര്ക്ക് വൈകാതെ നിയമനം ലഭിക്കുമെന്ന് കെഎസ്എഫ്ഇ ചെയര്മാന് പീലിപ്പോസ് തോമസ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കെഎസ്എഫ്ഇയില്‍ 2240 പേര്‍ക്കാണ് ജോലി ലഭിച്ചത്. രണ്ടുവര്‍ഷം മുമ്പ് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അനുസരിച്ചാണ് പിഎസ്സി ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ അയച്ചത്.
പിഎസ്സിവഴി ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 2016ല്‍ 418, 2017ല്‍ 200, 2018ല്‍ 155, 2019ല്‍ 81, 2020ല്‍ 662 ഉള്‍പ്പെടെ 1516 നിയമനം നല്കി. ഓഫീസ് അസിസ്റ്റന്റ് 2016ല്‍ 74, 2017ല്‍ 25, 2018ല്‍ 40, 2019ല്‍ 37, 2020ല്‍ 110 ഉള്‍പ്പെടെ 286 പേര്‍ക്ക് ജോലി നല്കി. മൊത്തം പിഎസ്സിവഴി 1802 പേരെ നിയമിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ 141 പേര്‍ക്ക് സ്ഥിരനിയമനം നല്‍കിയതായും ചെയര്മാന് പറഞ്ഞു.