കോവിഡ്19 പശ്ചാത്തലത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവര്‍ 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം. കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇളവ്. തുടങ്ങി ഉദ്യോഗാര്ത്ഥികകള്ക്ക് ആശ്വാസം പകരുന്ന നിരവധി കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
ഉത്തരവിലെ നിബന്ധനകള്‍:
നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവര്‍ 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം.
ഉദ്യോഗാര്‍ഥി കോവിഡ് ബാധിതനാണെന്ന് അറിയിച്ച് കൂടുതല്‍ സമയം ആവശ്യപ്പെട്ട് അപേക്ഷ നല്കിയാല് രോഗം ഭേദമായ ശേഷം നിരീക്ഷണ കാലയളവും പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പിന്റെ സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം.
ഹോട്സ്പോട്ട്/ കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷ നല്കിയാല് അവര്‍ ഉള്‍പ്പെട്ട പ്രദേശം കണ്ടെയ്ന്മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയ ശേഷം 10 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മതി.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം നീരീക്ഷണത്തില്‍ തുടരുന്നവര്‍ നിരീക്ഷണ കാലഘട്ടം പൂര്‍ത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം.
മറ്റു സംസ്ഥാനങ്ങളില്പ്പെട്ടുപോയവര് അപേക്ഷ നല്കിയാല് അടിയന്തരമായി സംസ്ഥാനത്ത് എത്തിച്ചേരാനും ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനും അനുവദിക്കും.
ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വിദേശത്ത് അകപ്പെട്ടുപോയ ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്കിയാല് ബന്ധപ്പെട്ട രാജ്യത്തുനിന്ന് രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ച് നാട്ടില്‍ മടങ്ങിയെത്തി ക്വാറന്റീന് കാലാവധി പൂര്‍ത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കും.
മുകളില്‍ വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കാതെ നിശ്ചിത കാലാവധിക്കുള്ളില്‍ സര്‍വീസില്‍ പ്രവേശിക്കാത്ത ഉദ്യോഗാര്‍ഥികളുടെ ഒഴിവ് എന്‍ജെഡിയായി കണക്കാക്കി പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യും.