മാധ്യമ പ്രവര്‍ത്തകര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമായി കേരള പത്രപ്രവര്‍ത്തക അസോസിയേഷന്. സംസ്ഥാനത്ത് ആദ്യമായാണ് ഈ മേഖലയില്‍ ഇത്തരമൊരു സംരക്ഷണം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ശങ്കര്‍, ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന ട്രഷറര്‍ ബൈജു പെരുവ എന്നിവര്‍ പറഞ്ഞു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരില്‍ പലര്‍ക്കും ശമ്പളം കിട്ടിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. മാനേജ്മെന്റുകളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും നേതാക്കളും ഇവിടെ ഉണ്ടെങ്കിലും അവര്‍ സാധാരണ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി ശബ്ദിക്കുന്നില്ല. മാധ്യമ മുതലാളിമാരോടൊപ്പം നിന്നുകൊണ്ട് പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്തുവരുന്നതെന്ന് അസോസിയേഷന് രക്ഷാധികാരി അജിത ജെയ്ഷോര്‍ പറഞ്ഞു.
ലോക്ക് ഡൌണ്‍ കാലത്ത് അര്‍ദ്ധപട്ടിണിയില്‍ കഴിഞ്ഞിരുന്ന മാധ്യമ പ്രവര്‍ത്തകരെ ആരും തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന് മുന്‍കൈയെടുത്ത് മിക്ക സ്ഥലങ്ങളിലും പച്ചക്കറി – പലവ്യഞ്ജന കിറ്റുകള്‍ നല്കി. ദൈനംദിന ജോലികള്ക്കി ടയില്‍ അപകടം സംഭവിച്ചാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ മുന്നില്‍ ക്കണ്ടുകൊണ്ടാണ് അസോസിയേഷനിലെ മുഴുവന്‍ അംഗങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപയുടെ സൌജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നടപ്പിലാക്കിയതെന്ന് അജിത ജെയ്ഷോര്‍ പറഞ്ഞു. ഇതിനുവേണ്ടി അംഗങ്ങള്‍ ഒരു രൂപപോലും മുടക്കേണ്ടതില്ല, പ്രീമിയം തുക സംഘടനയാണ് നല്‍കുന്നത്. ജൂണ്‍ 15 മുതല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുമെന്നും അതാത് ജില്ലാ സെക്രട്ടറിമാര്‍ക്ക് ഇതിനുള്ള അപേക്ഷ എത്രയുംവേഗം പൂരിപ്പിച്ചു നല്‍കണമെന്നും അവര്‍ പറഞ്ഞു.
ന്യു ഇന്‍ഡ്യാ ഇന്‍ഷ്വറന്‍സ് കമ്പിനി ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷനുവേണ്ടി അജിത ജെയ്ഷോര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം അധികൃതകര്‍ക്ക് കൈമാറി. തുടര്‍ന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് യുണൈറ്റഡ് ഇന്‍ഡ്യാ ഇന്‍ഷ്വറന്‍സ് കമ്പിനി അധികൃതരില്‍നിന്നും പോളിസി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പിനി ചീഫ് റിജനല് മാനേജര്‍ പ്രീത എസ്, റീജനല്‍ മാനേജര്‍ ശ്രീദേവി എസ് നായര്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ രഷ്മി ആര് നായര്‍, മാനേജര്‍ പ്രദിപ് മാത്യു, അസ്സിസ്റ്റന്റ് മാനേജര്‍ അന്‍ജന ശശിധരന്, പാലാരിവട്ടം ബ്രാഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ സെബാസ്റ്റ്യന്‍ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജി.ശങ്കര്‍ (സംസ്ഥാന പ്രസിഡന്റ് ) 94954 69751, മധു കടുത്തുരുത്തി ( ജനറല്‍ സെക്രട്ടറി) 98466 27184.