ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലെ മൂന്ന് ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
കഴിഞ്ഞ മാസം ഇന്ത്യയിലെ നാല് ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസും ഫ്ലൈദുബായിയും അറിയിച്ചിരുന്നു. ഒഴിവാക്കപ്പെട്ട ലബോറട്ടറികളുടെ പട്ടികയിലേക്കാണ് പുതുതായി മൂന്ന് ലാബുകള്‍ കൂടി തിങ്കളാഴ്ച ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ ഏഴ് ഇന്ത്യന്‍ ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം ദുബൈയിലേക്കുള്ള യാത്രയില്‍ സ്വീകരിക്കില്ല.
ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, ദില്ലിയിലെ ഡോ. പി. ഭസിന്‍ പാത്ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, ദില്ലി നോബിള്‍ ഡയഗണോസ്റ്റിക് സെന്റര്‍, അസ ഡയഗണോസ്റ്റിക് സെന്റര്‍, 360 ഡയഗണോസ്റ്റിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വ്വീസസ്, എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് ഇന്ത്യന്‍ ലാബുകള്‍.