തിരുവനന്തപുരം: കഴക്കൂട്ടം – കോവളം ബൈപ്പാസില്‍ ഗതാഗത നിയന്ത്രണം. കോവളം മുതല്‍ ശംഖുമുഖം എയര്‍പോര്‍ട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോണ്‍ മത്സരവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.കോവളം മുതല്‍ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതല്‍ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങളുണ്ടാകും. ഞായറാഴ്ച വെളുപ്പിന് 2.00 മണി മുതല്‍ രാവിലെ 10.00 മണി വരെയാണ് നിയന്ത്രണം.
കോവളം ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കോവളം ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് സമാന്തരമായുള്ള ചാക്ക – കോവളം ബൈപ്പാസ് റോഡിലൂടെ എതിര്‍ദിശയിലേക്ക് പോകണം. ചാക്ക – കോവളം റോഡില്‍ കിഴക്കു വശം പാതയില്‍ ഇരു ദിശയിലേക്കും ഗതാഗതം അനുവദിക്കും. ചാക്ക ഭാഗത്തു നിന്നും ശംഖുമുഖം ഭാഗത്തേക്കും, തിരിച്ചുമുള്ള വാഹനങ്ങള്‍ ചാക്ക ശംഖുമുഖം റോഡിന്റെ വലതുവശം പാതയിലൂടെ ഇരുദിശകളിലേക്കും പോകണം. വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാര്‍ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകതകള്‍ ഉയര്‍ത്തിയാണ് ‘കോവളം മാരത്തോണ്‍’ സംഘടിപ്പിക്കുന്നത്. സന്നദ്ധ സംഘടനയായ യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററാണ് സംഘാടകര്‍. ഫുള്‍ മാരത്തോണ്‍ (42.2 കിലോമീറ്റര്‍), ഫാഫ് മാരത്തോണ്‍ (21.1 കിലോമീറ്റര്‍), 10 കെ ഫണ്‍ (10 കിലോമീറ്റര്‍), ഫണ്‍ റണ്‍ (അഞ്ച് കിലോമീറ്റര്‍) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം. മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മാരത്തോണില്‍ പങ്കെടുക്കാനാകുക.