പൊതുമരാമത്ത് വകുപ്പിന്റെ പരാതി ആപ്പിലെത്തിയത് 18595 പരാതികളില്‍ 13644ലും പരിഹാരമൊരുക്കിയതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ടെക്നോളജിയെ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള പുതിയ പ്രവര്‍ത്തന രീതികള്‍ ഫലംകണ്ടു. പരാതി നല്‍കാനും നിര്‍ദ്ദേശങ്ങള്‍ പറയാനും ജനങ്ങളും പരിഹരിക്കാന്‍ ഉദ്ദ്യോഗസ്ഥരും മുന്നിട്ടിറങ്ങി. ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുകയും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. പരാതികള്‍ കൃത്യമായി അറിയിക്കാന്‍ മുന്‍കൈയെടുക്കുന്ന ജനങ്ങളേയും അത് പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
മന്ത്രിയുടെ വാക്കുകള്‍ : 2021 മേയ് 20 ന് ചുമതലയേറ്റത് മുതല്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളില്‍ ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ് എന്ന നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായി ടെക്നോളജിയെ പരമാവധി ഉപയോഗിച്ചുകൊണ്ടുള്ള പുതിയ പ്രവര്‍ത്തന രീതികള്‍ ആരംഭിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് PWD4U. പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കാനുളള PWD 4U മൊബൈല്‍ ആപ്പ് ആരംഭിച്ചത് മുതല്‍ നല്ല പ്രതികരണമാണ് ഉണ്ടായത്. വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും ആരംഭിച്ചു. PWD 4U വഴി ലഭിച്ച പരാതികളില്‍ 75 ശതമാനത്തോളം ഇതുവരെ പരിഹരിച്ചിട്ടുണ്ട്. ഒരാഴ്ച കൊണ്ടോ, മൂന്ന് മാസം കൊണ്ടോ തീര്‍ക്കാവുന്ന രീതിയിലാണ് പരാതികളെ തരംതിരിക്കുന്നത്. കൂടുതല്‍ സമയമെടുത്ത് ചെയ്യേണ്ട പരാതികളില്‍ സമയമെടുത്ത് പരിഹാരം കണ്ടെത്തുന്നു. 2021 ജൂണില്‍ ആരംഭിച്ച PWD 4U ആപ്പ് വഴി ഇതുവരെ 18595 പരാതികളാണ് ലഭിച്ചത്. അതില്‍ 13,644 പരാതികള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്.
പരാതികളും പരിഹരിച്ചവയും താഴെ പറയുന്ന രീതിയിലാണ്.
തിരുവനന്തപുരം 1984(1550), കൊല്ലം 1346 (1071), ആലപ്പുഴ 1211 (1029), പത്തനംതിട്ട 952 (654), കോട്ടയം 1603 (1333), ഇടുക്കി 795 (661), എറണാകുളം 1362 (926), മൂവാറ്റുപുഴ(സബ്ഡിവിഷന്) 1005 (651), തൃശ്ശൂര്‍ 1388 (749), പാലക്കാട് 1018(509), മലപ്പുറം 1752 (1310), കോഴിക്കോട് 1643 (1475), വയനാട് 380 (266), കണ്ണൂര്‍ 1489(1036), കാസറഗോഡ് 667(424).
പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നത്. ജനങ്ങളുടെ അഭിപ്രായം കേള്‍ക്കുകയും പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യം. പരാതികള്‍ കൃത്യമായി അറിയിക്കാന്‍ മുന്‍കൈയെടുക്കുന്ന ജനങ്ങളേയും അത് പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.