മൂവാറ്റുപുഴ: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച മെഗാ പെന്ഷന് (പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്) പദ്ധതിയിലേക്കുള്ള രജിസ്ട്രേഷന് മൂവാറ്റുപുഴ കീച്ചേരിപ്പടി ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വീസ് സെന്ററില്‍ ആരംഭിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 60 വയസ്സ് മുതല്‍ പ്രതിമാസം 3000/- രൂപ പെന്ഷന് ലഭിക്കുന്നതാണ് പദ്ധതി. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. ആദ്യ ഗഡു പണമായി അടയ്ക്കണം. തുടര്‍ന്ന് ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് സ്വീകരിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഐഡി കാര്‍ഡ് നല്‍കും. 18 മുതല്‍ 40 വയസ്സ് വരെയുള്ളവരും 15,000 രൂപ വരെ പ്രതിമാസം വരുമാനമുള്ളവരുമായവര്ക്കാണ് ഇതില്‍ ചേരാവുന്നത്.
ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, വീട്ടുജോലിക്കാര്‍, നിര്‍മ്മാണ ത്തൊഴിലാളികള്‍, കൈത്തറിത്തൊഴിലാളികള്‍, മോട്ടോര്‍വാഹന തൊഴിലാളികള്‍, ഡി.ടി.പി. ഓപ്പറേറ്റര്‍, വഴിയോരക്കച്ചവടക്കാര്‍, ഉച്ചഭക്ഷണ ജോലിക്കാര്‍, ചുമട്ടു തൊഴിലാളികള്‍, ഇഷ്ടികച്ചൂള ജോലിക്കാര്‍, ചെരുപ്പു കുത്തികള്‍, ചവര്‍ തൊഴിലാളികള്‍, അലക്കുകാര്‍, റിക്ഷ വലിക്കുന്നവര്‍, ഭൂരഹിത തൊഴിലാളികള്‍, കര്‍ഷക ത്തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ ത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ആശ-അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങി നൂറിലേറെ മേഖലകളില്‍ സജീവമായി ജോലി ചെയ്യുന്നവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്.
ദേശീയ പെന്ഷന് പദ്ധതി, ഇ.എസ്.ഐ, ഇ.പി.എഫ് പരിധിയില്‍ വരുന്നവര്‍ക്ക് അര്‍ഹതയില്ല. പദ്ധതി പ്രകാരം പെന്ഷന് വാങ്ങുന്നയാള്‍ മരണപ്പെട്ടാല്‍ പങ്കാളിക്ക് പെന്ഷന് 50 ശതമാനം ലഭിക്കുകയും ചെയ്യും.
പ്രായത്തിനനുസരിച്ചാണ് പെന്ഷന് വിഹിതം. 18 വയസ്സില്‍ ചേരുന്നവര്‍ക്ക് 55 രൂപയും 40 വയസ്സുള്ളവര്‍ക്ക് 200 രൂപയുമാണ് പ്രതിമാസ ഗഡു. 29 വയസ്സുമുതലാണ് അംഗമാകുന്നതെങ്കില്‍ 100 രൂപയും 35 വയസ്സില്‍ അംഗമാകുന്നവര്‍ക്ക് 150 രൂപയും നല്‍കണം. തുല്യവിഹിതം സര്‍ക്കാര്‍ നിക്ഷേപിക്കും. അംഗമാവുന്നവര്‍ മരിക്കുകയോ സ്ഥിരമായ ശാരീരിക അവശത അനുഭവപ്പെടുകയോ ചെയ്താല്‍ ജീവിത പങ്കാളിക്ക് തുടര്‍ഗഡു അടച്ച് പദ്ധതിയില്‍ തുടരാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9744440393, 7012407042 എന്ന നമ്പറില്‍ ബന്ധപ്പെടുക.