എറണാകുളം : മത്സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളിൽ അതിവേഗത്തിൽ അടിയന്തര രക്ഷ പ്രവർത്തനം നടത്താൻ സഹായകമാവുന്ന ആദ്യ അത്യാധുനിക മറൈൻ ആംബുലൻസ് ‘പ്രതീക്ഷ’യുടെ പ്രവർത്തന ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിക്കും. ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. രണ്ടാമത്തെ ആംബുലൻസ് ബോട്ടായ ‘പ്രത്യാശ’യുടെ നീരണിയിക്കൽ ജെ. മേഴ്സിക്കുട്ടിയമ്മയും മൂന്നാമത്തെ ആംബുലൻസ് ബോട്ടിന്റെ നീരണിയിക്കൽ ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാളും നിർവഹിക്കും. കൊച്ചിൻ ഷിപ് യാർഡിൽ രാവിലെ 9.30 ന് ആയിരിക്കുംചടങ്ങുകൾ നടക്കുന്നത്.
കേരള തീരത്തെ മൂന്ന് മേഖലകൾ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും മറൈൻ ആംബുലൻസിന്റെ പ്രവർത്തനം. അപകടത്തിൽ പെടുന്നവർക്ക് ദുരന്ത മുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം അതിവേഗം കരയിലെത്തിക്കാൻ ഈ ആംബുലൻസുകൾ സഹായിക്കും. 23 മി. നീളവും 5.5 മി. വീതിയും 3 മി ആഴവുമുള്ള ഈ ആംബുലൻസുകളിൽ 10 പേരെ വരെ ഒരേ സമയം കിടത്തി ചികിൽസിക്കാൻ സാധിക്കും. പ്രാഥമിക ചികിത്സക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, 24 മണിക്കൂർ പാരാ മെഡിക്കൽ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്ക്യൂ സ്റ്റാഫിന്റെ സേവനം, മോർച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള ഷിപ്പിംഗ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ കോർപറേഷൻ ആണ് സാങ്കേതിക ജീവനക്കാരെ നിയമിക്കുന്നത്.
2018 മെയ് 31 നാണ് മറൈൻ ആംബുലൻസുകളുടെ നിർമാണത്തിനായി കൊച്ചിൻ ഷിപ് യാർഡുമായി സർക്കാർ കരാറിൽ ഏർപ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി വീതം 18.24 കോടിയാണ് പദ്ധതിയുടെ അടങ്കൽ തുക. ഓഖി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയും സർക്കാർ അനുവദിച്ചിരുന്നു. ഒരു ബോട്ടിന്റെ പൂർണമായ നിർമാണ ചെലവ് ബി. പി. സി. എലും ഒരു ബോട്ടിന്റെ പകുതി നിർമാണ ചെലവ് കൊച്ചിൻ ഷിപ് യാർഡും അവരുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. ബോട്ട് നിർമാണത്തിന് സാങ്കേതിക ഉപദേശം നൽകിയത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സി. ഐ. എഫ്. ടി ആണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം. പി, എം. എൽ. എ മാരായ എസ് ശർമ, ടി ജെ വിനോദ്, കെ. ജെ മാക്സി, ജോൺ ഫെർണാണ്ടസ് എന്നിവർ പങ്കെടുക്കും.