നടുക്കുടി കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു
കോതമംഗലം : വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുവാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിനെയും ദേശീയ പാത 85 ലെ കോതമംഗലം കറുകടത്തെയും ബന്ധിപ്പിക്കുന്ന നടുക്കുടി കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാരപ്പെട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായൊരു വികസന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. ഈ നാടിന്റെ വികസനത്തിന് പുതിയ പാലം വലിയ മുതൽക്കൂട്ടാകും. പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയുടെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത് നിർമ്മിച്ച ഏറ്റവും വലിയ പാലമാണിത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളും ഒപ്പം ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നപ്പോഴാണ് പദ്ധതി യാഥാർത്ഥ്യമാക്കിയെടുക്കാൻ കഴിഞ്ഞത്.
ആലുവ മൂന്നാർ റോഡുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. കോതമംഗലത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ പദ്ധതിയാണത്. മൂവാറ്റുപുഴ – കോതമംഗലം ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം ആറിന് കുറുകെ 4.20 കോടി രൂപ ചെലവിലാണ് നടുക്കുടി കടവ് പാലം നിർമ്മിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ സംയുക്ത പദ്ധതിയാണിത്. പാലത്തിൽ കാൽനടയാത്രക്കാർക്കായി നടപ്പാതയും ക്രമീകരിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പി.എ.എം ബഷീർ, കോതമംഗലം നഗരസഭ അധ്യക്ഷൻ കെ.കെ ടോമി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, വൈസ് പ്രസിഡന്റ് ബിന്ദു ശശി, നഗരസഭാ കൗൺസിലർമാരായ ഷമീർ പനക്കൽ, സൈനുമോൾ രാജേഷ്, വാർഡ് മെമ്പർ സി. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡയാന നോബി, നിസാമോൾ ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.എസ് ബെന്നി, ദീപ ഷാജു, കെ.എം സെയ്ത്, മറ്റ് വാർഡ് മെമ്പർമാർ പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ടി സാജൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.