തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാണ്‍ഡോയ്ക്ക് വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് സ്വീകരണം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന് ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. മന്ത്രി വി.എന്‍.വാസവന് അധ്യക്ഷനാകുന്ന ചടങ്ങില്‍ സംസ്ഥാനത്തെ അഞ്ചു മന്ത്രിമാരും എം.പി.മാരും എം.എല്‍.എ.മാരും അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും.
അതേസമയം ചടങ്ങിലേക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനു ക്ഷണമില്ല. ശശി തരൂര്‍ എം.പി.യും വിട്ടുനില്‍ക്കും. ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ പേര് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ക്ഷണിക്കാത്തതിനാല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടന്ന നിലപാടിലാണ് ആര്‍ച്ച് ബിഷപ്പ്.
പൂര്‍ണതോതില്‍ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയല്‍ റണ്‍ വ്യാഴാഴ്ച തുടങ്ങി. ഇതോടെ മദര്‍ഷിപ്പിലെത്തുന്ന കണ്ടെയ്നറുകള്‍ തുറമുഖ യാര്‍ഡിലേക്ക് ഇറക്കിവെച്ചശേഷം ചെറിയ കപ്പലുകളെത്തിച്ച് തിരികെ ചരക്കുകയറ്റി ട്രാന്‍സ്ഷിപ്മെന്റും ആരംഭിക്കും. ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്നറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറമുഖത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേയ്ക്കു കൊണ്ടുപോകും. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍ വരെ തുടര്‍ച്ചയായി ചരക്കുകപ്പലുകള്‍ എത്തും. മൂന്നുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്