21മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശീതീകരിച്ച ശിശു സൗഹൃദ സ്മാര്‍ട്ട് അങ്കണവാടി തുറന്നു. വനിത ശിശു വികസന വകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തോടെ 50 ലക്ഷത്തില്‍ പരം രൂപ മുതല്‍മുടക്കിയാണ് അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
2003 ല്‍ തൈക്കാവ് ജംഗ്ഷനിലെ ഒരു ചെറിയ മുറിയില്‍ പ്രവര്‍ത്തനമാരംഭിച്ച അങ്കണവാടി കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്ന സാഹചര്യത്തില്‍ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം കുരുക്കുന്നപുരം എല്‍ പി സ്കൂളിന്റെ ഭാഗമായ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. പുതിയ ഒരു അംഗന്‍വാടി കെട്ടിടം വേണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നതോടെ പഞ്ചായത്ത് ഭരണസമിതി, വനിത ശിശു വികസന വകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തോടെയാണ് ശീതീകരിച്ച ശിശു സൗഹൃദ അങ്കണവാടിക്ക് തുടക്കം കുറിച്ചത്. പ്ലേ ഗ്രൗണ്ടും ഉദ്യാനവും ചൈല്‍ഡ് ഫ്രണ്ട്ലി പാര്‍ക്കും കളിപ്പാട്ടങ്ങളും വിശാലമായ ഹാള്‍ ഉള്‍പ്പെടെ ഇരുനിലകളില്‍ ആയിട്ടാണ് ഈ മനോഹരമായ അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായ ജിഷ ജിജോയിയാണ് അങ്കണവാടിയുടെ ടീച്ചര്‍’ മാറാടി ഗ്രാമപഞ്ചായത്തിലെ എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടങ്ങള്‍ ആയതായി പഞ്ചായത്ത് പ്രസിഡണ്ട് ഒ പി ബേബി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഒ പി ബേബി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ: ബിനീ ഷൈ മോന്, രമ രാമകൃഷ്ണന്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി. പി. ജോളി, ജിഷ ജിജോ, ബിജു കുര്യാക്കോസ്, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ -(സെല്‍), സൈന കെ.ബി, ഐ. സി. ഡി.എസ്. ഓഫീസര്‍ സിസിലി അമ്മ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഹുമൈബാന് വാര്‍ഡ് മെമ്പര്‍മാരായ ഷൈനി മുരളി, അജി സാജു, രതീഷ് ചങ്ങാലി മറ്റം, , ജിബി മണ്ണത്തുകാരന്‍, സിജി ഷാമോന്, ജയസ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സരള രാമന് നായര്‍ നന്ദി പറഞ്ഞു.