മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ ഗർഭസ്ഥ ശിശുമരിക്കാനിടയായ സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയശേഷം ഖബറടക്കി. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മാതാവ് നൽകിയ പരാതിയേതുടർന്നാണ് നടപടി. പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കിയിരുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് ആർ.ഡി.ഒയുടെ നിർദ്ദേശപ്രകാരം തഹസിൽദാർ കെ.എ. സതീഷ്, ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ കെ.എൻ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുന്ന നടപടി ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, അംഗങ്ങളായ എപി സുരേന്ദ്രൻ, മുഹമ്മദ് ഷാഫി ജമാഅത്ത് പ്രസിഡന്റ് പി എ ബഷീർ എന്നിവർ പങ്കെടുത്തു. 11 മണിയോടെ മൃതദേഹം പുറത്തെടുത്ത് ആംബൂലൻസിൽ കളമശ്ശേരിയിലേക്കു കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കി മൂന്നു മണിക്കൂറാണ് ഖബറടക്കിയത്.
കഴിഞ്ഞ വെളിയാഴ്ചയാണ് പുന്നോപ്പടി സ്വദേശിനിയായ യുവതിയുടെ പൂർണ വളർച്ചയെത്തിയ ഗർഭസ്ഥ ശിശു മരണപ്പെട്ടത്. ആശുപത്രിക്കെതിരെ കുട്ടിയുടെ മാതാവ് ആരോഗ്യവകുപ്പ് മന്ത്രി വീൺ ജോർജ്,റൂറൽ എസ്.പി., ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ആശുപത്രിയിൽ യുവതിയുടെ ബന്ധുക്കളും, ആശുപത്രി ജീവനക്കാരും തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. കേസിൽ 15 പേർക്കെതിരെ പോലീസ് കേസെടുത്തു.യുവതിയുടെ ഭർത്താവ് പുന്നോപ്പടി കൊച്ചുമാരിയിൽ നിയാസ് ഉൾപ്പെടെ 5 പേരെ മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഇവരെ പിന്നീട് കോടതി ജാമ്യത്തിൽ വിടുകയായിരുന്നു.