ലോകത്ത് കുരങ്ങു വസൂരി ബാധിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. ബ്രസീലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 1000 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
ആഫ്രിക്കക്ക് പുറത്ത് 77ല്‍ അധികം രാജ്യങ്ങളിലായി 20658 കുരങ്ങു വസൂരി കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. അമേരിക്ക, ബ്രിട്ടന്, ആസ്ട്രേലിയ, ജര്‍മനി, ബെല്‍ജിയം, ബ്രസീല്‍ എന്നി രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികള്‍. അമേരിക്കയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഗപ്പെടുത്തുന്നത്.4600 കേസുകളാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത്. സാന്സ്ഫ്രാന്സിസ്ക്കോയില് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ബ്രസീലില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞദിവസം രോഗം ബാധിച്ച് ഒരു മരണം ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു.കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയാണ് ബ്രിട്ടണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയാണ്.ഫിലിപ്പീന്‍സിലും കുരങ്ങു വസൂരി സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്. എന്നാല്‍ കര്‍ശന ജാഗ്രത തുടരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുരങ്ങുവസൂരിക്കെതിരായ വാക്സിന് നിര്‍മാണത്തിനായി രാജ്യത്തെ മരുന്നു കമ്പനികളെ ക്ഷണിച്ച് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും രംഗത്തെത്തിയിട്ടുണ്ട്.