സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്ന എലിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ജാഗ്രത നിര്‍ദേശങ്ങളിങ്ങനെ…
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കുന്നതും കുളിക്കുന്നതും എലിപ്പനിയ്ക്ക് കാരണമായേക്കാം.
എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും മണ്ണിലും എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനിടയുണ്ട്. മലിനമായ മണ്ണുമായും ജലവുമായും സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.
മണ്ണും വെള്ളവുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ജോലികള്‍ ചെയ്യുന്ന കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് ജോലികള്‍ ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, ചെമ്മീന്‍ – മത്സ്യ സംസ്കരണ ജോലികള്‍ ചെയ്യുന്നവര്‍, റോഡ് പണി ചെയ്യുന്നവര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവരെല്ലാം തന്നെ ഉയര്‍ന്ന രോഗസാധ്യത ഉള്ളവരാണ്. ഇവര്‍ ഉറപ്പായും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ച് എലിപ്പനിയെ പ്രതിരോധിക്കേണ്ടതാണ് .
പണി ചെയ്യുമ്പോള്‍ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളില്‍ മുറിവുണ്ടെങ്കില്‍ മലിനമായ വെള്ളവുമായി സമ്പര്‍ക്കത്തിലാവാതെ സൂക്ഷിക്കണം. മലിനമായ മണ്ണിലും വെള്ളത്തിലും കുഞ്ഞുങ്ങള്‍ കളിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നതും രോഗം പിടിപെടാനിടയാക്കും.
രോഗസാധ്യത കൂടിയവര്‍, കുറഞ്ഞവര്‍ എന്നുള്ള താരതമ്യത്തിനുമപ്പുറം, മഴക്കാലത്ത് മലിനമായ മണ്ണും വെള്ളവുമായി സമ്പര്‍ക്കത്തിലാകാന്‍ സാധ്യത കൂടുതലുള്ള സാഹചര്യമുള്ളതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. പനി , പേശീവേദന, കഠിനമായ ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായാല്‍ എലിപ്പനി സംശയിക്കേണ്ടതും ഉടന്‍ ചികിത്സ തേടേണ്ടതുമാണ്. മലിനമായ മണ്ണും വെള്ളവുമായി സമ്പര്‍ക്കത്തിലായ സാഹചര്യത്തെക്കുറിച്ച് ഡോക്ടറോട് പറയേണ്ടതുമാണ്.
കേവലം തലവേദന, പേശീവേദന തുടങ്ങിയ ലക്ഷണങ്ങള്‍ എന്ന മട്ടില്‍ അവഗണിക്കുകയോ സ്വയം ചികിത്സയുടെ ഭാഗമായി വേദനസംഹാരികള്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കുകയോ ചെയ്താല്‍ വളരെ പെട്ടെന്ന് എലിപ്പനി രോഗബാധ ഗുരുതരമാകുകയും വൃക്ക, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ സാരമായി ബാധിച്ചു മരണകാരണമാകുകയും ചെയ്യും.നിര്‍ദ്ദേശങ്ങള്‍ നിസ്സാരമായി കാണാതെ കഴിയുന്നത്രയും പേരില്‍ ഈ സന്ദേശമെത്തിക്കുക. ഓര്‍ക്കുക. യഥാസമയം ശരിയായ ചികിത്സ തേടാന്‍ ഒട്ടും അലംഭാവം കാണിക്കരുതെന്ന അറിവ് ഒരാളെ മരണത്തില്‍ നിന്നായിരിക്കും രക്ഷിക്കുക!