കൊച്ചി: എറണാകുളം ജില്ലയില്‍ വ്യാപകമായി പനിപടരുന്നു. ഡെങ്കിപ്പനി, വൈറല്‍പ്പനി, മഞ്ഞപ്പിത്ത ബാധയും അനുബന്ധരോഗങ്ങളുമാണ് പടര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5,000 പേര് പനിയോ പനിലക്ഷണങ്ങളോ ആയി ചികിത്സ തേടി. ഇതില്‍ 300 ഓളംപേര്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചു.
പെരുമ്പാവൂരിലെ വേങ്ങൂരിലും കളമശ്ശേരിയിലും മഞ്ഞപ്പിത്തം കൂടുതല്‍ ബാധിച്ചു. വേങ്ങൂരില്‍ കുടിവെള്ളത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ പടര്ന്നതായിരുന്നു അസുഖ കാരണം. അതേസമയം, മൂവാറ്റുപുഴ മേഖലയില്‍ അതീവ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജൂണ്‍ 1 മുതല്‍ 25 വരെ 403 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിക്കുകയും 490 പേര് പനിബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഏപ്രിലില്‍ 262 പേര് ഡെങ്കിപ്പനിയുടെ ലക്ഷണം കാണിക്കുകയും 83 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച മാത്രം 73 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്കുകള്‍. മേയില്‍ ഇത് യഥാക്രമം 253, 215 എന്ന കണക്കിലായിരുന്നു. കാലവര്‍ഷമെത്തിയതോടെ ജൂണില്‍ ഡെങ്കിബാധ കുത്തനെ ഉയര്‍ന്നു. ജില്ലയില്‍ പടര്‍ന്നുപിടിച്ച മഞ്ഞപ്പിത്ത ബാധയ്ക്ക് കുറവുണ്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ 37 പേര്‍ക്കാണ് രോഗമുണ്ടായത്. 60ലേറെ പേര് രോഗലക്ഷണങ്ങളുമായി ചികിത്സ തേടി.
അതേസമയം ചികിത്സാ സൗകര്യങ്ങള്‍ ഏറെയെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന പരാതിയും വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഉയരുന്നുണ്ട്. അതുകൊണ്ടുതന്നെ പലയിടങ്ങളിലും സമയത്തിന് ചികിത്സ ലഭ്യമാക്കാന്‍ കഴിയാതെ വരുന്നതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.