രാജ്യത്ത് കൊവിഡ് രോഗബാധിതര്‍ 1.6 ലക്ഷം കടന്നു. ലോകത്തെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യ. 1,65,386 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 71,105 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നെ എന്നീ വന്‍ നഗരങ്ങളിലാണ് കൊവിഡ് ബാധ കൂടുതലുള്ളത്.
ഡല്‍ഹിയില്‍ പുതുതായി 1024 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 16,281 ആയി. 303 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്. മഹാരാഷ്ട്രയാണ് കൊവിഡ് വന്‍ നാശം വിതച്ച സംസ്ഥാനം. വ്യാഴാഴ്ച മാത്രം 2598 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതര്‍ 59,546 ആയി. 85 മരണം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തതോടെ 1982 പേര് സംസ്ഥാനത്ത് മരിച്ചു.
ഗുജറാത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 367 പേര്‍ക്കാണ്. രോഗബാധിതരുടെ എണ്ണം 15,572 ആയി. 22 പേര് കൂടി കഴിഞ്ഞദിവസം മരിച്ചതോടെ മരണസംഖ്യ 960 ആയി. വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ 344 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 4536 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥികരീകരിച്ചത്. ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമായ കേരളത്തില്‍ ക്രമാതീതമായി കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്നലെ മാത്രം 85 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.