ആലപ്പുഴ: വണ്ടാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടത്തില്‍ തീപ്പിടിത്തം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന് പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന സംഭരണശാലക്കു സമീപത്തെ കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.
മരുന്നു സൂക്ഷിക്കുന്ന ഗോഡൗണോടു ചേര്‍ന്നുള്ള കെട്ടിടത്തിനാണ് തീപ്പിടിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഓടിക്കൂടിയെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തീപ്പടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായി. തീപ്പിടിത്തമുണ്ടായതിനെത്തുടര്‍ന്ന് രാസവസ്തുക്കളുടെ ഗന്ധം ഉയര്‍ന്നത് ആശങ്ക പടര്‍ത്തി.
മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് കെട്ടിടങ്ങളില്‍, പത്ത് ദിവസത്തിനിടെ തീപ്പിടിത്തമുണ്ടാവുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ക്ക് തീപ്പിടിച്ചിരുന്നു. തിരുവന്തപുരത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന് നഷ്ടമായിരുന്നു.
ഇത് മൂന്നാം തവണയാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ അഗ്നിക്കിരയാവുന്നത്. അടിക്കടി ഉണ്ടാകുന്ന തീപ്പിടിത്തം ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊല്ലത്തും തിരുവനന്തപുരത്തം ബ്ലീച്ചിങ് പൗഡറാണ് തീപ്പിടിത്തത്തിന് കാരണമായതെന്നായിരുന്നു കോര്‍പ്പറേഷന്റെ വിശദീകരണം. കത്തിയവയുടെ കൂട്ടത്തില്‍ തീയതി കഴിഞ്ഞതും കഴിയാത്തതുമായി മരുന്നുകളും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.