തൊടുപുഴ: ഇടുക്കിയിലെ കട്ടപ്പനയില്‍ 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രി നിര്‍മ്മിക്കുന്നതിന് 189 മത് ഇഎസ്ഐ കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി 4.6 ഏക്കര്‍ ഭൂമി സൗജന്യമായി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് നിര്‍ദ്ദിഷ്ട സ്ഥലം കോര്പ്പറേഷന് പരിശോധിച്ച് 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രി സ്ഥാപിക്കാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന് സമര്‍പ്പിച്ചിരിക്കുകയായിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കട്ടപ്പന മുനിസിപ്പാലിറ്റി ഇഎസ്ഐസിക്ക് കൈമാറുന്നതിനുള്ള അന്തിമ വിജ്ഞാപനത്തിനായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കോര്പ്പറേഷന് നിര്‍മാണ ഏജന്‍സിക്ക് പ്രവൃത്തി നല്‍കുന്നതിന് തുടര്‍നടപടി സ്വീകരിക്കുമെന്നും 18 മാസത്തിനുള്ളി നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നും എം.പി. അറിയിച്ചു.
ഇഎസ്ഐ തൊഴിലാളികളുടെയും ആശ്രിതരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി അംഗീകരിച്ചുകൊണ്ട് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ്, അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഊന്നല്‍ നല്കാന് കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ചു. ഇഎസ്ഐ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി ‘നിര്‍മാന്‍ സേ ശക്തി’ സംരംഭം ആരംഭിച്ചതായും എം.പി അറിയിച്ചു.