തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലും ഇന്ന് മുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. നേരത്തെ ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും എല്ലാ ആശുപത്രികളിലും ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നില്ല. പനി ബാധിതരുടെ എണ്ണം സംസ്ഥാനത്ത് അടിക്കടി കൂടിയതോടെയാണ് പനി ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കൃത്യമായ മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. അവസാന നിമിഷം പനി ക്ലിനിക്കുകള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശം നല്കിയതിനാല് എല്ലാ ആശുപത്രികളിലും പ്രത്യേക പനി ക്ലിനിക്ക് തുടങ്ങാനായില്ല. ഡോക്ടര്‍മാര്‍ മറ്റ് ജീവനക്കാര്‍ എന്നിവരുടെ ക്രമീകരണമാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് തടസ്സമായത്. മിക്ക ആശുപത്രികളിലും പനിയ്ക്ക് ചികിത്സ തേടിയെത്തിയവരെ മരുന്ന് നല്കി പറഞ്ഞു വിടുകയായിരുന്നു.
എന്നാല്‍ രാവിലെ ആരംഭിക്കുന്ന പനി ക്ലിനിക്കുകള്‍ ഉച്ചയോടെ അവസാനിപ്പിക്കുന്നതിനെതിരേയും വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പരമാവധി രാത്രി എട്ട് മണി വരെയെങ്കിലും പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കണമെന്നാണ് ഉയരുന്ന ആവശ്യം.