ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി (ഐസിആര്എസ്) വികസിപ്പിച്ചെടുത്ത ഇ ബ്ലഡ് സര്‍വീസസ് മൊബൈല്‍ ആപ്പ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്ധന് പുറത്തിറക്കി. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയര്മാന് കൂടിയാണ് കേന്ദ്ര ആരോഗ്യമന്ത്രി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2015 ല്‍ തുടക്കം കുറിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗിന്റെ (സിഡിഎസി) ഇ-രത്കോഷ് ടീമാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.
ഈ ആപ്പ് വഴി ഒരു സമയം നാല് യൂണിറ്റ് രക്തം വരെ ആവശ്യപ്പെടാമെന്ന് ഡോ ഹര്‍ഷ് വര്ധന് പറഞ്ഞു. കൂടാതെ അത് ശേഖരിക്കാനായി 12 മണിക്കൂര്‍ വരെ ബ്ലഡ് ബാങ്ക് സമയം നല്‍കും. ഐആര്‍സിഎസ്– എന്എച്ച്ക്യു ബ്ലഡ് ബാങ്കില്‍ നിന്നും രക്ത യൂണിറ്റുകള്‍ ആവശ്യപ്പെടു ന്നവര്‍ക്ക് ഈ ആപ് വളരെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആപ്ലിക്കേഷനിലൂടെ ആവശ്യപ്പെട്ടാല്‍ ഐആര്‍സിഎസ്-എന്എച്ച്ക്യു ബ്ലഡ് ബാങ്കിനു അത് ഇ-രത്കോഷ് ഡാഷ്ബോര്‍ഡിലൂടെ ദൃശ്യമാകും. ഇത് നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ വിതരണം ഉറപ്പാക്കുന്നു. ഏകജാലക സംവിധാനത്തിന്റ്റെ ഗുണം ലഭ്യമാക്കാന്‍ ഈ സേവനം വഴി സാധ്യമാകും.