കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടം തുടങ്ങിയിട്ട് വര്‍ഷം മൂന്നായി. ഇതിനിടെ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതവണ ലോകരാജ്യങ്ങളെ കീഴ്പ്പെടുത്തി. ഇപ്പോഴിതാ കൊറോണ വൈറസിന്റെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങള്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് ടെക്നിക്കല്‍ ലീഡ് ഡോ. മരിയ വാന്‍ കെര്‍ഖോവ്. പരിശോധനകളും ജനിതക സീക്വന്‍സിങ്ങും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും ഡോ. മരിയ ട്വിറ്ററില്‍ കുറിച്ചു.
ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിങ്ങനെ ആശങ്ക പരത്തുന്ന നിരവധി വകഭേദങ്ങള്‍ കൊറോണ വൈറസിനുണ്ടായി. ഇതില്‍ ഇന്ത്യയില്‍ ഏറ്റവും മാരകമായ കൊവിഡ് തരംഗത്തിന് കാരണമായത് ഡെല്‍റ്റ വകഭേദമാണ്. ഇനിയും ഇത്തരത്തിലുള്ള മാരക വകഭേദങ്ങള്‍ കൊറോണ വൈറസിന് ഉണ്ടാകാമെന്നും ഡോ. മരിയ മുന്നറിയിപ്പ് നല്കുന്നു.
ഇപ്പോള്‍ ഒമിക്രോണ്‍ ആണ് കൊറോണ വൈറസിന്റെ പ്രബല വകഭേദം. ഇതിന് തന്നെ ബിഎ1, ബിഎ2, ബിഎ3, ബിഎ4, ബിഎ5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി. ബിഎ5 വകഭേദം 121 രാജ്യങ്ങളിലും ബിഎ4 വകഭേദം 103 രാജ്യങ്ങളിലും ഇപ്പോള്‍ പ്രബല കൊവിഡ് വകഭേദമാണ്. ഭാവി വകഭേദങ്ങള്‍ക്ക് കൂടുതല്‍ വ്യാപന ശേഷിയും മനുഷ്യരുടെ പ്രതിരോധ സംവിധാനത്തില്‍ നിന്നും രക്ഷപ്പെടാനുള്ള കഴിവും ഉണ്ടാകാമെന്നും ഡോ. മരിയ പറയുന്നു.