രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ഉടൻ ആരംഭിച്ചേക്കും. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും വാക്സിനേഷൻ നൽകി തുടങ്ങുക. കുട്ടികൾക്കായുള്ള വാക്സിൻ്റെ രണ്ടാംഘട്ടവും- മൂന്നാംഘട്ടവും പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ ആയിരിക്കും വാക്സിനേഷൻ കൊടുത്ത് തുടങ്ങുക. കുട്ടികളുടെ വാക്സിനേഷന് വേണ്ടി രാജ്യം വലിയ തയ്യാറെടുപ്പുകൾ ആണ് നടത്തിവരുന്നത് എന്ന് എയിംസ് ഡയറക്ടർ രൺ ദിപ് ഗുലെറിയ അറിയിച്ചു.
കുട്ടികൾക്ക് ആദ്യം നൽകുക കൊവാക്സിൻ ആയിരിക്കും. എന്നാൽ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് തൽക്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര വിദഗ്ദ്ധ സമിതിയുടെ തീരുമാനം. ഗർഭിണികളിൽ വാക്സിൻ കുത്തിവെക്കാനും ഇപ്പോൾ അനുമതിയായിട്ടില്ല. കൊവാക്സിൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.