മുവാറ്റുപുഴ: കനിവ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ഓഫീസിന്റെയും, സൗജന്യ ഫിസിയോ തെറാപ്പി സെന്ററിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുവാറ്റുപുഴ കോടതി സമുച്ചയത്തിന് എതിര്‍വശത്തുള്ള എസ്തോസ് ഫൗണ്ടേഷന് ബില്‍ഡിങ്ങിലാണ് കനിവ് ഓഫീസിന്റെയും, ഫിസിയോ തെറാപ്പി സെന്ററിന്റെയും നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. അവശത അനുഭവിക്കുന്ന രോഗികള്‍ക്ക് സൗജന്യമായി സേവനം ലഭ്യമാക്കുന്ന ഫിസിയോ തെറാപ്പി സെന്റര്‍ ജനുവരി മാസത്തോടെ കനിവ് ഓഫീസിനോട് അനുബന്ധമായി പ്രവര്‍ത്തനം ആരംക്കും.
അപകടം മൂലവും, രോഗ ബാധ മൂലവും കിടപ്പിലായവര്‍ക്കും, വിശ്രമത്തില്‍ കഴിയേണ്ടി വരുന്നവര്‍ക്കും ആവശ്യമായി വരുന്ന വാട്ടര്‍ ബെഡ്, വീല്‍ചെയര്‍, വാക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ആവശ്യമായത്ര കാലത്തേക്ക് കനിവ് ഓഫീസില്‍ നിന്നും രോഗികള്‍ക്ക് നല്‍കും. രണ്ടാം ഘട്ടത്തില്‍ കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തിയുള്ള സാന്ത്വന പരിചരണവും, ഡയാലിസിസ് യൂണിറ്റും, രക്തബാങ്കും പ്രവര്‍ത്തനം ആരംഭിക്കും. ജീവകാരുണ്യ- സാന്ത്വന പരിചരണ പ്രവര്‍ത്തനത്തില്‍ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി പരമാവധി ജനങ്ങള്‍ക്ക് സഹായമെത്തിക്കുക എന്നതാണ് കനിവിന്റെ പ്രവര്‍ത്തന ലക്ഷ്യം.
നിര്‍മാണ പ്രവര്‍ത്തന ഉദ്ഘാടനം കനിവ് ചെയര്മാന് എം.എ.സഹീര്‍ നിര്‍വ്വഹിച്ചു. കനിവ് സെക്രട്ടറി കെ.എന്‍.ജയപ്രകാശ്, ട്രഷറര്‍ വി.കെ.ഉമ്മര്‍, ഭരണ സമിതി അംഗങ്ങളായ എം.ആര്. പ്രഭാകരന്, റ്റി.എം.ജലാലുദീന്‍, പി.എം. മന്‍സൂര്‍, സി.എം.നിസാര്‍, സി.പി. റഫീക്ക്, മിനി തോമസ്, ജുമേഷ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.