കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാന്‍ സമ്മര്‍ദം ചെലുത്തി എന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കേസില്‍ അഞ്ചു പേരെയാണ് പ്രതിചേര്‍ത്തത്. ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മെഡിക്കല്‍ കോളേജ് എസിപി കെ. സുദര്ശന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവിനുള്ളില്‍വെച്ച് ആശുപത്രി ജീവനക്കാരന് വടകര സ്വദേശി ശശീന്ദ്രന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറു മണിക്കും 12 മണിക്കും ഇടയിലാണ് യുവതി പീഡനത്തിനിരയായത്. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന് തിയേറ്ററില്‍ നിന്ന് യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റന്‍ഡറാണ്. ഇതിനു ശേഷം മടങ്ങിയ ഇയാള്‍ അല്പസമയം കഴിഞ്ഞു തിരികെവന്നാണ് ക്രൂരകൃത്യം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.