തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. നിലവില്‍ 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 172 കേസുകള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കേസുകള്‍ കൂടുതല്‍. സംസ്ഥാനത്ത് കോവിഡ് ക്ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. എന്നാല്‍ ആശുപത്രികള്‍ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ആശുപത്രികള്‍ സര്‍ജ് പ്ളാന്‍ തയ്യാറാക്കണം. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിലെത്തുന്നവര്‍ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.