തിരുവനന്തപുരം: കോവിഡ് വാര്‍ഡുകളില്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പി പി ഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാകവചങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്ത് അണുവിമുക്തരായി പുറത്തിറങ്ങാന്‍ ആശുപത്രി അധികൃതര്‍ തന്നെ രൂപകല്പന ചെയ്ത ബയോ സെക്യുവര്‍ മൊബൈല്‍ ഡോഫിംഗ് യൂണിറ്റ് തയ്യാറായി. ഉപയോഗശേഷം സുരക്ഷാകവചങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഡോഫിംഗ് ഏരിയ സ്ഥാപിക്കാന്‍ ആശുപത്രിക്കെടിടത്തിലെ പരിമിതികള്‍ തടസമാകുന്ന സാഹചര്യത്തിലാണ് ആശുപത്രിയിലെ എ ആര് എം ഒ കൂടിയായ ഡോ ഷിജുമജീദിന്റെ മനസില്‍ ചലിക്കുന്ന ഡോഫിംഗ് സ്റ്റേഷന് എന്ന ആശയം ഉടലെടുത്തത്.
കാലപ്പഴക്കമുള്ള ആശുപത്രിക്കെട്ടിടത്തിന്റെ പരിമിതമായ സാഹചര്യങ്ങള്‍ സ്ഥിരം ഡോഫിംഗ് ഏരിയ സ്ഥാപിക്കാന്‍ വിലങ്ങുതടിയാകുന്നതിനാലാണ് പുത്തന്‍ ആശയത്തിലേയ്ക്ക് അധികൃതരുടെ ശ്രദ്ധ തിരിഞ്ഞത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറാ വര്‍ഗീസ്, സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബിജോണ്‍, ഡോ സന്തോഷ്കുമാര്‍, ഡോ സുനില്‍കുമാര്‍, ആര് എം ഒ ഡോ മോഹന്‍ റോയ് എന്നിവര്‍ക്കൊപ്പം മറ്റൊരു എ ആര് എം ഒ കൂടിയായ ഡോ സുജാതയും ചേര്‍ന്ന് പ്രാവര്‍ത്തികമാക്കിയ പദ്ധതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമെല്ലാം വലിയ ആശ്വാസമേകിയിരിക്കുകയാണ്. ബാര്‍ട്ടണ്‍ഹില്‍ ഗവ എഞ്ചിനീയറിംഗ് കോളേജിലെ 2003 ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ആദ്യ മൊബൈല്‍ ഡോഫിംഗ് സ്റ്റേഷന് നിര്‍മ്മിച്ച് ആശുപത്രി അധികൃതര്‍ക്ക് സംഭാവനയായി നല്‍കുകയായിരുന്നു. തുടര്‍ന്ന് എല്ലാവാര്‍ഡുകളിലും ഇവ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.
രോഗികളുമായോ കൂട്ടിരിപ്പുകാരുമായോ മറ്റു ജീവനക്കാരുമായോ സമ്പര്‍ക്കം വരാത്തവിധം സുരക്ഷിതമായ സ്ഥാനത്താണ് ഡോഫിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കേണ്ടത്. സ്ഥിരം സംവിധാനങ്ങള്‍ക്കുപകരം മാറ്റിസ്ഥാപിക്കാവുന്ന ഡോഫിംഗ് സ്റ്റേഷനുകള്‍ കൂടുതല്‍ സുരക്ഷിതവുമാണ്. ആശുപത്രിക്കെട്ടിടത്തില്‍ സ്ഥിരമായി സ്ഥാപിക്കുന്ന ഡോഫിംഗ് ഏരിയകള്‍ക്ക് സ്ഥലക്കുറവ് ഉള്‍പ്പെടെയുള്ള പരിമിതികള്‍ക്കൊപ്പം നിര്‍മ്മാണച്ചെലവും താരതമ്യേന കൂടുതലാണ്. മൊബൈല്‍ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള പെഡല്‍ ചവിട്ടിയാണ് വാതില്‍ തുറക്കുന്നത്. സുരക്ഷാകവചം നീക്കം ചെയ്യുന്നതിനുള്ള മുറിയ്ക്കുപുറമേ സ്റ്റേഷന്റെ ഉള്‍ഭാഗം എല്ലായ്പ്പോഴും അണുവിമുക്തമായി സൂക്ഷിക്കാന്‍ സെന്‍സറും അള്‍ട്രാവയലറ്റ് ലൈറ്റോടുകൂടിയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുരക്ഷാകവചം മാറ്റാന്‍ ജീവനക്കാര്‍ ഉള്ളില്‍ കടക്കുമ്പോള്‍ തന്നെ സെന്‍സര്‍ പ്രവര്‍ത്തിക്കുകയും അതോടൊപ്പം അള്‍ട്രാവയലറ്റ് ലൈറ്റ് പ്രകാശിച്ച് അണുവിമുക്തമാക്കല്‍ പ്രക്രിയ ആരംഭിക്കുകയും ചെയ്യും. അകത്തു കടന്ന് സുരക്ഷാകവചം നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമായി സ്റ്റേഷനുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉള്‍ഭാഗത്ത് വിവിധ കോണുകളില്‍ സാനിറ്റൈസര്‍ സ്റ്റാന്റും സ്ഥാപിച്ചിരിക്കുന്നു. സുരക്ഷാകവചം നീക്കം ചെയ്യുന്നതുമുതല്‍ പുറത്തിറങ്ങുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.