കൂത്താട്ടുകുളം : ചികിത്സാ സേവനരംഗത്ത് അന്പതാണ്ടുകള് പൂര്‍ത്തിയാക്കിയ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷം 21-ന് നടക്കും. ദേവമാതാ നഴ്സിങ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നിന് ചേരുന്ന സമ്മേളനം പാലാ രൂപത മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
ആരാധനാ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസിലി ജോസ് ഒഴുകയില്‍ അധ്യക്ഷയാകും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തും. ദേവമാതാ ആശുപത്രിയില്‍ ആദ്യം ജനിച്ച ഷൈനി മാത്യുവിനെ ആദരിക്കും. നിര്‍ധനര്‍ക്കുള്ള ചികിത്സാ സഹായ കൂപ്പണ്‍ നറുക്കെടുപ്പ്, ദേവമാതാ ദൃശ്യാവിഷ്കാരം അവതരണം എന്നിവ നടക്കും.
1975-ല്‍ ആണ് ആശുപത്രി സ്ഥാപിച്ചത്. ജൂബിലിയുടെ ഭാഗമായി പ്രായംചെന്നവര്ക്കായി ജറിയാട്രിക് പാലിയേറ്റീവ് വിഭാഗം പ്രവര്‍ത്തനമാരംഭിക്കും.ബിഷപ്പ് കുര്യാളശ്ശേരിയുടെ സ്മാരകമായി പ്രത്യേക പരിഗണനയുള്ള ശയ്യാലംബരായവര്ക്ക് സൗജന്യ ശുശ്രൂഷ നല്‍കുന്നുണ്ടെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസ്മിന്‍ പഴയകരി, ഡോ. വിനോദ് സെബാസ്റ്റ്യന്‍, ഡോ. അനില്‍ ജോണ്‍, പി.ആര്.ഒ. ലല്സണ് ജെ. പുതുമനതൊട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.