നിത്യം ഉപയോഗിക്കുന്ന പാത്രങ്ങളിൽ കടുത്ത കറകളും ദുർഗന്ധവും എണ്ണമയവുമൊക്കെ ഉണ്ടാവും. മഞ്ഞളിന്റെ കറ മുതൽ ഗന്ധം വരെ ആഴ്ച്ചകളോളം പാത്രത്തിൽ നിലനിൽക്കാം. ചിലപ്പോൾ എത്ര വൃത്തിയാക്കിയാലും ഇതിൽ പറ്റിയിരിക്കുന്ന കറയോ ഗന്ധത്തെയോ നീക്കം ചെയ്യാൻ സാധിക്കണമെന്നില്ല. അത്തരം പാത്രങ്ങൾ ഉപേക്ഷിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ. നിങ്ങളുടെ പാത്രങ്ങൾ എന്നും വൃത്തിയായിരിക്കും.
കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഏതു കറയേയും നീക്കം ചെയ്യും. ചെറുചൂടുവെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ശേഷം പാത്രം രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവെക്കണം. അടുത്ത ദിവസം ഉരച്ച് കഴുകിയാൽ കറകൾ പമ്പകടക്കും. കൂടാതെ ദുർഗന്ധത്തെയും അകറ്റുന്നു.
ദുർഗന്ധത്തിന് വിനാഗിരി
പാത്രത്തിൽ ഉണ്ടാകുന്ന വെളുത്തുള്ളി, സവാള എന്നിവയുടെ രൂക്ഷഗന്ധത്തെ വിനാഗിരി ഉപയോഗിച്ച് ഇല്ലാതാക്കാൻ സാധിക്കും. ചെറുചൂടുവെള്ളത്തിൽ വിനാഗിരി ചേർത്തതിന് ശേഷം അരമണിക്കൂർ പാത്രം വെള്ളത്തിൽ മുക്കിവയ്ക്കണം. ആവശ്യമെങ്കിൽ കുറച്ച് ഉപ്പുകൂടെ ഇട്ടുകൊടുക്കാവുന്നതാണ്.
മഞ്ഞക്കറ പോകാൻ സൂര്യപ്രകാശം
കറിയിൽനിന്നും ഉണ്ടായ മഞ്ഞക്കറ കളയാൻ പ്രകൃതിദത്തമായ മാർഗ്ഗമുണ്ട്. പാത്രം കഴുകി വൃത്തിയാക്കിയതിന് ശേഷം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കണം. കുറച്ച് മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം പാത്രം മാറ്റിവയ്ക്കാവുന്നതാണ്. ഇത് പാത്രത്തിലെ ദുർഗന്ധത്തെയും കറയേയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.
നാരങ്ങ നീര് ഉപയോഗിക്കാം
എത്ര വൃത്തിയാക്കിയിട്ടും പാത്രത്തിലെ ദുർഗന്ധം മാറിയില്ലെങ്കിൽ നാരങ്ങ നീര് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. പാത്രത്തിൽ നാരങ്ങ നീര് ഒഴിച്ചതിന് ശേഷം അരമണിക്കൂറോളം അങ്ങനെ തന്നെ വച്ചിരിക്കണം. ശേഷം കഴുകികളയാവുന്നതാണ്.
അരി ഉപയോഗിച്ചും വൃത്തിയാക്കാം
പാത്രത്തിന്റെ ഓരോ ഇടുക്കും വൃത്തിയാക്കാൻ അരി ഉപയോഗിച്ച് സാധിക്കും. വേവിക്കാത്ത അരി ഒരു ടേബിൾ സ്പൂൺ എടുത്തതിന് ശേഷം അതിലേക്ക് ഡിഷ് വാഷും ചൂടുവെള്ളവും ചേർത്തുകൊടുക്കാം. മൂടികൊണ്ട് പാത്രം അടച്ചതിന് ശേഷം നന്നായി കുലുക്കണം. ഇത് പാത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുകയും നന്നായി വൃത്തിയാവുകയും ചെയ്യുന്നു.