കൊച്ചി: നൂതന സംവിധാനങ്ങളോടെ പ്രവര്‍ത്തന സജ്ജമായി എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക്. രാജ്യത്തെ തന്നെ സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒരുങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ നടന് മമ്മൂട്ടി മുഖ്യാതിഥിയാകും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന് എം.പി സ്വാഗതം പറയും. മേയര്‍ അഡ്വ എം. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് സന്ദേശം നല്‍കും.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 54 ഡയാലിസിസ് മെഷീനുകള്‍, 54 കൗചുകള്‍, മള്‍ട്ടിപാരമീറ്ററുകള്‍, ആറ് നഴ്സിങ്ങ് സ്റ്റേഷനുകള്‍ മൂന്ന് ഹെല്‍പ്പ് ഡസ്കുകള്‍, 12 സ്ക്രബ്ബ് ഏരിയ, 300 ഡയലൈസറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാണ്. രോഗികളുടെ മാനസിക ഉല്ലാസത്തിനായി 18 ടിവികള്‍, സ്റ്റോറുകള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
2017- 18 കാലയളവില്‍ ഹൈബി എം പിയുടെ പ്രാദേശിക വികസന ഫണ്ട് 2കോടി രൂപ , ആശുപത്രി വികസന സമിതി ഫണ്ട്, സി.എസ്.ആര്.ഫണ്ട് എന്നിവ ഉപയോഗിച്ചുകൊണ്ട് എട്ട് കോടി രൂപ വകയിരുത്തിയാണ് പുതിയ ബ്ലോക്കിലെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. വൃക്ക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ഹീമോ ഡയാലിസിസും, പെരട്ടോണിയല്‍ ഡയാലിസിസും, റീനല്‍ ട്രാന്‍സ്പ്ലാന്റേഷനും സാധ്യമാകുന്ന ഒരു സമഗ്ര നേഫ്രോളജി പാക്കേജാണ് ജനറല്‍ ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 162 പേര്‍ക്ക് ഒരു ദിവസം ഹീമോ ഡയാലിസിസിന് വിധേയരാവാം.