മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് അനുയോജ്യം അച്ഛന്റേയും അമ്മയുടേയും സ്പര്‍ശമെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് മാര്‍ഗരേഖ പുതുക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഇന്‍ക്യുബേറ്റര്‍ സംവിധാനങ്ങളേക്കാള്‍ പ്രാധാന്യം അച്ഛന്റേയും അമ്മയുടേയും സ്പര്‍ശനവും കരുതലുമാണെന്നാണ് കണ്ടെത്തല്‍. 37 ആഴ്ച്ച തികയും മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് രണ്ടരകിലോഗ്രാമില്‍ താഴെ മാത്രമാണുള്ളതെങ്കില്‍ ഇന്‍ക്യുബേറ്റര്‍ സംവിധാനങ്ങളില്‍ സൂക്ഷിക്കേണ്ടതില്ല. പകരം അച്ഛന്റേയും അമ്മയുടേയും നെഞ്ചിലെ ചൂട് നല്‍കുന്നതാണ് ഉത്തമമെന്ന് പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.
കങ്കാരൂ കെയര്‍ എന്നറിയപ്പെടുന്ന ഇത്തരം രീതി കുഞ്ഞിന്റെ ആരോഗ്യത്തിനും ശരീര താപം നിയന്ത്രിക്കുന്നതിനും അത്യാവശ്യമാണന്നാണ് പുതിയ കണ്ടെത്തല്‍. മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് കൊഴുപ്പ് കുറവായതിനാല്‍ ശരീര താപം നിയന്ത്രിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകും. ശ്വസനത്തിന് പലപ്പോഴും വൈദ്യ സഹായം ആവശ്യമാണ്. കാങ്ക്രൂ കെയറിലൂടെ കുഞ്ഞിന് ചൂട് ലഭിക്കുകയും സ്വാഭാവിക വളര്‍ച്ചയുണ്ടാവുകയും ചെയ്യുമെന്ന് ഡബ്ല്യൂ എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു.
അമ്മയുടെയോ അച്ഛന്റെയോ നഗ്നമായ നെഞ്ചില്‍ കുഞ്ഞിനെ ചേര്‍ത്തുവെച്ചു പൊതിയുന്ന രീതിയാണ് കങ്കാരൂ കെയര്‍. 1970 കളില്‍ കൊളംബിയയിലാണ് രണ്ടുപേരുടേയും ത്വക്കുകള്‍ ചേര്‍ന്നിരിക്കുന്ന വിധത്തില്‍ പരിചരിക്കുന്ന രീതി പരീക്ഷിക്കപ്പെട്ടത്. ഇന്‍ക്യുബേറ്ററുകളുടെ ദൗര്‍ബല്യവും അന്നത്തെ ആശുപത്രികളിലെ വന്‍ തിരക്കുമൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തത്തിന് ഇടയാക്കിയതെന്ന് പറയാം. ക്രമേണ ഇതിന് പ്രചാരമേറുകയും 1996ല്‍ ഇറ്റലിയില്‍ നടന്ന ആദ്യ അന്താരാഷ്ട്ര ശില്‍പ്പശാലയില്‍ ‘കങ്കാരൂ മദര്‍ കെയര്‍’ എന്ന പേര് ആദ്യമായി അംഗീകരിക്കപ്പെടുകയും ചെയ്തു.
കങ്കാരൂ കെയറിലൂടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് സ്വാഭാവികനിലയിലാകുകയും ശ്വസനരീതി മെച്ചപ്പെടുകയും ചെയ്യും. അതുവഴി ശരീരത്തില്‍ ഓക്സിജന്റെ അളവ് മെച്ചപ്പെടും. ഈ രീതിയിലൂടെ ഉറക്കത്തിന്റെ സമയം വര്‍ധിക്കുന്നതിനും ശരീരഭാരം വേഗം വര്‍ധിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
കങ്കാരൂ കെയര്‍ നല്‍കുന്നത് ആരാണെങ്കിലും അവരുടെ മാനസികമായ തയ്യാറെടുപ്പ് വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ പിന്തുണ നല്‍കേണ്ട കുടുംബാംഗങ്ങളും ഇതിനെ കുറിച്ച് മനസിലാക്കി ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ മാറ്റിയിരിക്കണം. ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തുടര്‍ച്ചയായി കുഞ്ഞിന് ചൂട് നല്‍കിയാലേ കങ്കാരൂ കെയര്‍ ഫലപ്രദമാവുകയുള്ളൂ. സമയം കൂട്ടി ദിവസേന 24 മണിക്കൂര്‍ വരെ ആകാവുന്നതാണ്. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലും കങ്കാരൂ കെയറിന് കുഞ്ഞിന്റെ അമ്മയും അച്ഛനും ഭാഗമാകാറുണ്ട്.