രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. 2,81,386 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 4,106 പേര് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചു. 17.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഏപ്രില്‍ 21ന് ശേഷം ആദ്യമായാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയെത്തുന്നത്. അതേസമയം മരണ സംഖ്യയില്‍ കുറവില്ല.
വാക്സിന് ക്ഷാമം കോവിഡ് പ്രതിരോധത്തിന് വലിയ തടസ്സമായി തുടരുകയാണ്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനെടുക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും പലയിടങ്ങളിലും വ്യാപകമായി കൊടുത്ത് തുടങ്ങിയിട്ടില്ല. കേരളത്തില്‍ മുന്‍ഗണന നിശ്ചയിച്ചാണ് വാക്സിന് വിതരണം. 18 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് ഇന്ന് മുതല്‍ വാക്സിന് നല്‍കുന്നത്.
അതിനിടെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ഉപദേശക സമിതിയില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. സമിതിയുടെ തലവന്‍ കൂടിയായിരുന്നു അദ്ദേഹം. മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് രാജിവെച്ചത്. തന്റെ തീരുമാനം പൂര്‍ണമായും ശരിയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും രാജിക്ക് ഒരു കാരണവും പറയാന്‍ തനിക്ക് ബാധ്യതയില്ലെന്നുമായിരുന്നു രാജിയ്ക്ക് ശേഷം ഷാഹിദിന്റെ പ്രതികരണം.