മൂവാറ്റുപുഴ: ജെസിഐ മുവാറ്റുപുഴ ടൗണിന്റേയും, കാരിത്താസ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തില്‍ ആശാ കിരണം കാന്‍സര്‍ സുരക്ഷയജ്ഞത്തിന്റെ ഭാഗമായി കാരുണ്യ യാത്ര തുടങ്ങി.
മുവാറ്റുപുഴ – കോതമംഗലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സെന്റ്. മരിയ ബസ്സുമായി സഹകരിച്ചാണ് കാരുണ്യയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 17-ന് വെള്ളിയാഴ്ച രാവിലെ 6.30 – ന് മുവാറ്റുപുഴ കച്ചേരിത്താഴത്ത് മുന്‍ എംഎല്‍എ ജോസഫ് വാഴക്കന് ഉദ്ഘാടനം ചെയ്തു. ജെസിഐ മുവാറ്റുപുഴ ടൗണ്‍പ്രസിഡന്റ് സിബി ജോളി,സെക്രട്ടറി ജെറിന് ജേക്കബ്ബ് പോള്‍,മൂവാറ്റുപുഴ ഫുട്ബോള്‍ക്ലബ്ബ് പ്രസിഡന്റ് എല്‍ദോ വട്ടക്കാവില്‍, ജെസിഐ സോണ്‍ വൈസ് പ്രസിഡന്റ് ജയ്സണ്‍ ജോസഫ്,
എന്നിവര്‍ സംസാരിച്ചു.
മുവാറ്റുപുഴ കടാതി സ്വദേശിനിയായ ലീല മോഹനന് (40 വയസ്സ്) എന്ന തൈറോയിഡ് കാന്‍സര്‍ ബാധിതയ്ക്ക് ചികിത്സ ഫണ്ട് സമാഹരിക്കുവാനാണ് യാത്ര നടത്തുന്നത്. കിഡ്നി, നട്ടെല്ല് എന്നിവയുടെ പ്രശ്നങ്ങള്‍ കൊണ്ട് ചികില്‍സ നടത്തുന്ന ഭര്‍ത്താവ് മോഹനന് മാത്രമാണ് ഏക ആശ്രയം. മക്കളില്ല. രണ്ട് വര്‍ഷം മുന്‍പ് കണ്ട് പിടിച്ച തൈറോയിഡ് കാന്‍സറിനെ തുടര്‍ന്ന് രണ്ട് കീമോതെറാപ്പി മാത്രമേ നടത്തുവാന്‍ സാധിച്ചുള്ളൂ. അപ്പോഴേക്കും ഉണ്ടായ വീഴ്ചയെ തുടര്‍ന്ന് കാലിന്റെ തുടയസ്ഥി പൊട്ടുകയും ,സര്‍ജറി നടത്തി സ്റ്റീല്‍ കമ്പിയിടുകയും ചെയ്തു. സര്‍ജറിയെ തുടര്‍ന്ന് വിശ്രമവേളയില്‍ ഒന്ന് കൂടെ വീണപ്പോള്‍ സ്റ്റീല്‍ റോഡ് വളഞ്ഞ് പോവുകയും ചെയ്തു. വളരെ അടിയന്തിരമായി സര്‍ജറി നടത്തി സ്റ്റീല്‍ റോഡ് മാറ്റുകയും എത്രയും വേഗം കാന്‍സര്‍ ചികില്‍സ പുനരാരംഭിക്കുകയും വേണം. നിത്യ ചെലവിനുള്ള പണത്തിനായി വിഷമിക്കുന്ന ഈ കുടുംബത്തെ സഹായിക്കാനാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.