കോവിഡ് 19 ൻ്റെ രണ്ടാം തരംഗം ശക്തമായിരിക്കുകയാണ്. നിയന്ത്രണ വിധേയമാണെങ്കിലും വ്യാപനം നമ്മുടെ സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ എല്ലാ യുവജനങ്ങളും സന്നദ്ധ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധത്തിൽ മാതൃകയായി മാറിയ കേരളത്തിന് ഇനിയും ശക്തമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത മുന്നിൽ കണ്ട് ആശുപത്രി സംവിധാനങ്ങൾ സർക്കാർ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിന്റെയും ജനങ്ങളുടെ ജാഗ്രതയുടേയും ഫലമായി രോഗവ്യാപനം നിയന്ത്രിക്കാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിരുന്നു.
മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങി പ്രതിരോധത്തിന്റെ അടിസ്ഥാന പാഠങ്ങൾ എല്ലാവരും പാലിക്കേണ്ടതുണ്ട്. രാജ്യമെമ്പാടും കോവിഡ് നിയന്ത്രണാതീതമായി പടരുമ്പോഴും കേരളം തീർക്കുന്ന പ്രതിരോധത്തിന് ശക്തി പകരാൻ ജനങ്ങളുടെയാകെ സഹായ സഹകരണങ്ങളും ആവശ്യമാണ്.
ക്വാറൻ്റയിനിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുക, കോവിഡ് രോഗികളെ ചികിൽസിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുക, ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ സംവിധാനം ഒരുക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുക തുടങ്ങി ഡി.വൈ.എഫ്.ഐ നടത്തിവരുന്ന എല്ലാ സന്നദ്ധ പ്രവർത്തനങ്ങളും കൂടുതൽ ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത്തുണ്ട്. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുവാനുള്ള ഈ പോരാട്ടത്തിന് ശക്തിപകരാന്‍ എല്ലാ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും, യുവജനങ്ങളാകെയും സന്നദ്ധ പ്രവര്‍ത്തന രംഗത്ത് വ്യാപൃതരാകണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.