മലപ്പുറം: സ്വകാര്യ പ്രാക്ട്രീസ് നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളേജ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഓര്‍ത്തോപീഡിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം അബ്ദുള്‍ ഗഫൂറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്നാണ് ചട്ടം. എന്നാല്‍ ഡോ. അബ്ദുള്‍ ഗഫൂര്‍ പല ദിവസങ്ങളിലും മെഡിക്കല്‍ കോളേജില്‍ വരാതെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സിന് പരാതി ലഭിച്ചതോടെ ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബുധനാഴ്ച പരിശോധന നടത്തുകയായിരുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് വീണാ ജോര്‍ജ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.