സംസ്ഥാനത്തെ മങ്കിപോക്സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തി. ആരോഗ്യ വകുപ്പ് ഡയറക്ടറുമായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് സന്ദര്‍ശനം നടത്തും.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തലസ്ഥാനത്ത് കേന്ദ്ര സംഘം എത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടര്‍മാരുമാണ് സംഘത്തിലുള്ളത്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മന്ത്രി വീണാ ജോര്‍ജുമായും ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായും സംഘം കൂടിക്കാഴ്ച നടത്തും.
വിമാനത്തിലെ മറ്റ് യാത്രക്കാരുടെ വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. അതിനിടെ മങ്കിപോക്സ് രോഗി സഞ്ചരിച്ച ഓട്ടോകളുടെ ഡ്രൈവര്‍മാരെ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ രോഗി മെഡിക്കല്‍ കോളേജിലേക്ക് പോയ കാറിന്റെ ഡ്രൈവറെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.