തിരുവനന്തപുരം: മദ്യലഹരിയില്‍ സിപിഎം പ്രാദേശിക നേതാവ് ഡോക്ടറെ ആക്രമിച്ചതായി പരാതി. പൊഴിയൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മെഡിക്കല്‍ ഓഫീസറായ ഡോ. ജെയിന് ഇതുസംബന്ധിച്ച് പൊഴിയൂര്‍ പോലീസില്‍ പരാതി നല്കി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍ ചികിത്സ നിര്‍ത്തിവെച്ച് സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. സംഘടനകളുടെ നിര്‍ദ്ദേശപ്രകാരം മിന്നല്‍ പണിമുടക്ക് നടത്താനാണ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും രാവിലെ ഒപിയില്‍ എത്തിയ 79-ഓളം രോഗികളെ ചികിത്സിച്ചതിന് ശേഷമാണ് ഡോ. ജെയിന് സമരത്തില്‍ പങ്കെടുത്തത്.
ഇതിനിടെ സിപിഎം നേതാവ് മറ്റൊരാള്ക്കൊപ്പമെത്തി ഡോക്ടറോട് കയര്‍ക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും ഡോക്ടറെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ചേ തീരുവെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ച ഡോക്ടറെ തടയാന്‍ നേതാവ് ശ്രമിച്ചു. വകവയ്ക്കാതെ പുറത്തിറങ്ങിയ ഡോക്ടര്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതും തടയുന്നതിനിടെ അദ്ദേഹത്തിന്റെ വാഹനത്തിന് നേരയെും ആക്രണമം നടത്തി.