ന്യൂഡല്‍ഹി: പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ ബാബ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പതഞ്ജലി ഉത്പന്നങ്ങളെ ന്യായീകരിച്ചതിന് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയോട് വളരെ ശക്തമായിട്ടാണ് കോടതി പ്രതികരിച്ചത്. വീണ്ടും തെറ്റിനെ ന്യായീകരിക്കാനാണ് തീരുമാനമെങ്കില്‍ ജയിലില്‍ അടക്കേണ്ടി വരുമെന്ന് കോടതി താക്കീത് ചെയ്തു.
ജസ്റ്റിസ് ഹിമ കോഹ്ലിയുടെയും അഹ്സനുദ്ദീന്‍ അമാനുല്ലയുടെയും ബെഞ്ചാണ് വാദം കേട്ടത്. ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സോളിസിറ്റര്‍ ജനറല്‍ ഹാജരാകാനായി കേസ് അടുത്ത ദിവസത്തേക്ക് മാറ്റിവച്ചു. പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയത് കോടതിയലക്ഷ്യമാണ് എന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്.