ഇടുക്കി: ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. വീട്ടുകാര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇരുവരും സ്നേഹത്തിലായിരുന്നെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴി.
ബുധനാഴ്ച വൈകീട്ട് മുതല്‍ കുട്ടിക്ക് ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതിനാല്‍ പെണ്‍കുട്ടി ഇന്ന് സ്കൂളില്‍ പോയിരുന്നില്ല. കുട്ടി ഗര്‍ഭിണിയാണെന്നുളള ഒരു സൂചന പോലും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. അതിനാല്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് പ്രശ്നങ്ങളുണ്ട്. പെണ്‍കുട്ടി പൂര്‍ണ്ണ ആരോ?ഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തന്നെ മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെ ഈ മൊഴി പൂര്‍ണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പെണ്‍കുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.