രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നതിനിടയിൽ വാക്സിൻ വീട്ടിലെത്തിക്കാൻ ഒരുങ്ങുകയാണ് രാജസ്ഥാൻ. ഇന്ന് മുതൽ രാജസ്ഥാനിൽ കോവിഡ് വാക്സിൻ വീടുകളിൽ എത്തിക്കും. രാജസ്ഥാനിലെ ബിക്കനീറിലാണ് വാക്സിനേഷൻ വീടുകളിൽ നൽകുന്നത്. ഹെൽപ് ലൈൻ നമ്പറിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് കുറഞ്ഞത് പത്ത് പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ വാക്സിൻ വീട്ടിലെത്തുന്ന സേവനം ലഭ്യമാകു. ഈ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ സേവനം ലഭിക്കുന്നത്. ഏഴ് ലക്ഷം ജനസംഖ്യയുള്ള ബിക്കനീർ നഗരത്തിൽ ഇതുവരെ 3.69 ലക്ഷം പേരാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
തമിഴ്നാട്ടിലാണ് ഇപ്പോൾ നിലവിൽ ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിന രോഗികൾ 75000-ത്തിൽ താഴെയും മരണസംഖ്യ മൂവായിരത്തിന് മുകളിലുമാണ്.
അതേസമയം പ്രതിദിന കേസുകൾ കുറയുന്ന ഡൽഹിയിൽ ഇന്നുമുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 50 ശതമാനം പേർക്ക് പ്രവേശിക്കാവുന്ന തരത്തിൽ ഭക്ഷണശാലകൾ തുറക്കും മാളുകളിൽ അടക്കം എല്ലാ കടകളും തുറന്നുപ്രവർത്തിക്കാനും അനുമതിയുണ്ട്. റഷ്യൻ നിർമിത സ്പുടിന് വാക്സിൻ നാളെ മുതൽ ഡൽഹിയിൽ ലഭ്യമായിത്തുടങ്ങും. ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് വാക്സിനേഷൻ ആരംഭിക്കുന്നത്. കേന്ദ്രസർക്കാരിൻ്റെ നിർദേശ പ്രകാരം 1,145 രൂപയാണ് സ്പുടിനിക് വാക്സിന് ആശുപത്രികളിൽ ഈടാക്കുന്ന നിരക്ക്.