മൂവാറ്റുപുഴ: മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനിക്ലിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ കത്ത് നല്കി. കാലവര്‍ഷം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പനി ബാധിതരുടെ എണ്ണം കൃമാതീതമായി വര്‍ദ്ധിക്കുകയും, നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പനി ബാധിച്ച് ചികിത്സ തേടുകയും, പിന്നീട് നാലോളം പേര്‍ക്ക് ജീവഹാനി സംഭവിച്ച പ്രദേശങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടുമാണ് മന്ത്രിയ്ക്ക് കത്ത് നല്‍കിയത്.
നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളായ പായിപ്ര ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന തൃക്കളത്തൂര്‍ ചെങ്ങനാട് പി.ഡി.സുരേന്ദ്രന്(57) പനി ബാധിച്ചതിനെ തുടര്‍ന്ന് ഈമാസം മൂന്നിന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയും, തൃക്കളത്തൂര്‍ കുന്നത്തോളില്‍ കെ.വി.രാജപ്പന്(63)പനി ബാധിച്ചതിനെ തുടര്‍ന്ന് ഈമാസം നാലിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ വെട്ടംകവല പാടത്തില്‍ വീട്ടില്‍ രാജേഷിന്റെ മകന് അഭിദേവ്(2) പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഈമാസം 12ന് മരിച്ചിരുന്നു. ആയവന ഗ്രാമപഞ്ചായത്തിലെ മണപ്പുഴ കോട്ടക്കലില്‍ വീട്ടില്‍ ബിനു(42) പനി ബാധിച്ച് രാജഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച
മരിച്ചിരുന്നു.
തുടര്‍ച്ചയായി പനി ബാധിതര്‍ ചികിത്സയിലിരിക്കെ അനുബന്ധ രോഗങ്ങള്‍ പിടിപ്പെട്ടാണ് വിവിധ മെഡിക്കല്‍ കോളേജുകളില്‍ വച്ച് മരിച്ചത്. കാലവര്‍ഷം ആരംഭിച്ചതോടെ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ പനി പിടിപെടുകയായിരുന്നു. എന്നാല്‍ പനി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ സ്വയം ചികിത്സിക്കാതെ ആശുപത്രിയില്‍ ചികിത്സ തേടെണ്ടതാണ് എന്നാല്‍ പലരും ഇതിന് തയ്യാറാകുന്നില്ല. കിഴക്കന്‍ മേഖലയിലെ പ്രധാന അതുരാലയങ്ങളില് ഒന്നായ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനി ക്ലിനിക്ക് ആരംഭിച്ചാല്‍ പനി ബാധിതര്‍ക്ക് ഇവിടെയെത്തി പരിശോധനകള്‍ നടത്തി രോഗം സ്ഥിതീകരിച്ച് ചികിത്സിയ്ക്കാന്‍ കഴിയും. ആശുപത്രിയില്‍ പനി ക്ലിനിക്കും, പനി മരണമുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ച് പഠനം നടത്തണമെന്നും എം.എല്‍.എ മന്ത്രിയോടാവശ്യപ്പെട്ടു. പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എല്‍ദോ എബ്രഹാം എം.എല്‍.എ നിവേദനം നല്കി.